സ്‌കില്‍സ് ഡവലപ്‌മെന്‍റ് സെന്‍റര്‍ 22-ാം വാര്‍ഷികം നവംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍
Mail This Article
ദോഹ∙ സ്‌കില്‍സ് ഡവലപ്‌മെന്‍റ് സെന്‍ററിന്‍റെ 22-ാം വാര്‍ഷികാഘോഷം നവംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ അല്‍വക്ര ഡിപിഎസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈകിട്ട് അഞ്ചരയ്ക്ക് നടക്കും. ഖത്തറിലെ വിവിധ മന്ത്രാലയങ്ങള്‍, ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലെ പ്രമുഖര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.
22-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി 175ല്‍പരം വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും വിവിധ കലാപ്രകടനങ്ങളുമുണ്ടാകും. വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായുള്ള ചിത്രപ്രദര്‍ശനം നാളെ (വെള്ളി) വൈകുന്നേരം ആറു മണിക്ക് മുൻ വിദ്യാഭ്യാസ മന്ത്രി എം.എ ബേബി ഉദ്ഘാടനം ചെയ്യും. വ്യന്ദാമേനോൻ അവതരിപ്പിക്കുന്ന ഡാന്‍സ് ഏഴു മണി മുതൽ ആരംഭിക്കും.
ഖത്തറിലും പുറത്തുമായി നടത്തുന്ന വിവിധ കലാമത്സരങ്ങളില്‍ മികവുറ്റ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ നേടാനും സ്‌കില്‍സിലെ വിദ്യാര്‍ഥികള്‍ക്ക് സാധിച്ചിട്ടുണ്ട്. അബുദാബിയില്‍ സംഘടിപ്പിച്ച വേള്‍ഡ് സി എസ് ആര്‍ ഡേയില്‍ ദി മിഡില്‍ ഈസ്റ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ് 2024 ലഭിച്ച ഖത്തറിലെ ആദ്യ കലാസ്ഥാപനമാണ് സ്‌കില്‍സ് ഡവലപ്‌മെന്‍റ് സെന്‍റര്‍.
യുനസ്‌കോ അംഗീകരിച്ച ഇന്‍റര്‍നാഷണല്‍ ഡാന്‍സ് ആൻഡ് മ്യൂസിക്ക് കൗണ്‍സില്‍ അംഗത്വം കൂടാതെ ഇന്ത്യന്‍ ഗവണ്‍മെന്‍റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരത സേവക് സമാജ്, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഖില ഭാരത ഗന്ധര്‍വ്വ മഹാവിദ്യാലയം എന്നിവയുടെ അഫിലിയേഷന്‍ ലഭിച്ച സ്ഥാപനമാണ് സ്‌കില്‍സ് ഡവലപ്‌മെന്‍റ് സെന്‍റര്‍. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് ഭരതനാട്യം, കഥക്, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ചിത്രരചന, തബല എന്നീ കലാവിഷയങ്ങളില്‍ ഡിപ്ലോമയ്ക്ക് തുല്യമായ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനും കഴിയും. ലണ്ടന്‍ ട്രിനിറ്റി കോളജിന്‍റെ അംഗീകാരം ലഭിച്ചതിലൂടെ പിയാനോ, കീബോര്‍ഡ്, ഗിറ്റാര്‍, വയലിന്‍, ഡ്രംസ് എന്നീ ഇന്‍സ്ട്രുമെന്‍റല്‍ മ്യൂസിക്ക് വിഷയങ്ങളിലും പരീക്ഷകള്‍ നടത്തി വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ പി എന്‍ ബാബുരാജന്‍, മാനേജര്‍ ആഷിക് കുമാര്‍ പി ബി, കരാട്ടേ ഇന്‍സ്ട്രക്ടര്‍ സെന്‍സായ് ഷിഹാബുദ്ദീന്‍, തബല ഇന്‍സ്ട്രക്ടര്‍ പണ്ഡിറ്റ് സന്തോഷ് കുല്‍ക്കര്‍ണി, ക്ലാസിക്കല്‍ ഡാന്‍സ് അധ്യാപികമാരായ കലാമണ്ഡലം ദേവി സുനില്‍ കുമാര്‍, കലാമണ്ഡലം ആര്യശ്രീ അശ്വിന്‍, കര്‍ണാടിക് സംഗീത അധ്യാപിക കലാമണ്ഡലം സിംന സുജിത് എന്നിവര്‍ പങ്കെടുത്തു.