ഗ്രീൻ പ്ലാനറ്റ് മഴക്കാട് ആസ്വദിച്ച് കുട്ടികൾ
Mail This Article
ദുബായ് ∙ പ്രകൃതിയോട് ഇണങ്ങി ഒരു ദിവസം ചെലവഴിച്ച് അൽജലീല ഫൗണ്ടേഷനിലെ ഭിന്നശേഷിക്കാരായ 25 കുട്ടികൾ. ദുബായ് നഗരത്തിലെ കൃത്രിമ കാടായ ഗ്രീൻ പ്ലാനറ്റിലെത്തിയാണ് പ്രകൃതിയിലേക്ക് കുട്ടികൾ ഇറങ്ങിച്ചെന്ന് ആസ്വദിച്ചത്. മധ്യപൂർവദേശത്തെ ഏക ഇൻഡോർ ഉഷ്ണമേഖലാ മഴക്കാടാണ് ഗ്രീൻ പ്ലാനറ്റ്. കുട്ടികൾക്കായി ഒരുക്കിയ കിഡ്സ് സമ്മർക്യാംപിൽ മാതാപിതാക്കളും പരിചാരകരും അനുഗമിച്ചു.
4-14 വയസുകാരായ കുട്ടികൾക്ക് പ്രായത്തിന് അനുസരിച്ചുള്ള വിനോദങ്ങളും ഒരുക്കിയിരുന്നു. വിത്ത് നടീൽ, പപ്പറ്റ് ഷോ, ഗെയിം, കരകൗശല വസ്തുക്കളുടെ പ്രദർശനം, പക്ഷികൾ, ഉരഗങ്ങൾ എന്നിവയുമായി ഇടപഴകുന്നതും അവർ ആസ്വദിച്ചു.
കാഴ്ചകൾ കണ്ട് തിരിച്ചുപോകുമ്പോൾ കൈനിറയെ സമ്മാനങ്ങളും നൽകിയാണ് യാത്രയാക്കിയത്. നാലു നിലകളിലായി ഒരുക്കിയ ഗ്രീൻ പ്ലാനറ്റിൽ 3000 സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ കേന്ദ്രംകൂടിയാണ്.