ഇന്ത്യൻ സ്‌കൂളുകളിൽ ഫീസ് കുറയ്ക്കണമെന്ന് ആവശ്യം
Mail This Article
മസ്‌കത്ത് ∙ ഇന്ത്യൻ സ്‌കൂൾ മസ്‌കത്തിലെ നിലവിലുള്ള ഫീസ് കുറയ്ക്കണമെന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് മുഴുവനായും ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ഒരുപറ്റം രക്ഷിതാക്കൾ ഡോ.സജി ഉതുപ്പാന്റെ നേതൃത്വത്തിൽ ഇന്ത്യൻ സ്‌കൂൾ ബോർഡിന് നിവേദനം നൽകി.
നിലവിലുള്ള സാമ്പത്തിക, സാമൂഹിക പശ്ചാത്തലം പരിഗണിച്ചുകൊണ്ട് രക്ഷിതാക്കളെ ചേർത്തു നിർത്തുന്നതിന്റെ ഭാഗമായി ഫീസ് ഘടനയിൽ മാറ്റം വരുത്തണമെന്നും ഇൻഫ്രാ സ്‌ട്രെക്ച്ചർ ഫീസ് ആയ പത്ത് റിയാൽ മുഴുവനായും ഒഴിവാക്കി കൊടുക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾ ഭൂരിഭാഗവും മിഡിൽ ക്ലാസ് വിഭാഗത്തിൽ പെടുന്നവരാണ്. രക്ഷിതാക്കൾ ജോലി സംബന്ധമായ പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുകയാണ്. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഒരു രീതിയിലും ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുകയും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വളരെ കഷ്ടപ്പെടുന്ന ഈ രക്ഷിതാക്കളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കണമെന്നും താത്ക്കാലികമായെങ്കിലും ഫീസ് കുറച്ചുകൊണ്ട് രക്ഷിതാക്കൾക്ക് ആശ്വാസം പകരണം എന്നും നിവേദനത്തിൽ ആവശ്യപെടുന്നു.
വർഷങ്ങളായി രക്ഷിതാക്കളിൽ നിന്നും ഈടാക്കി കൊണ്ടിരിക്കുന്ന ഇൻഫ്രാസ്ട്രക്ചർ ഫീസ് കുറക്കാം എന്ന കഴിഞ്ഞ ഓപ്പൺഫോറത്തിലെ വാഗ്ദാനം നിറവേറ്റണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു. കൂടാതെ ശാരീരികമായി പല രീതിയിലുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്നതിന് പ്രാവീണ്യം നേടിയ അധ്യാപകരെ നിയമിക്കണമെന്നും അവർ കുട്ടികളോട് സൗമ്യമായി ഇടപെടേണ്ടതിന്റെ ആവശ്യകതയും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. രക്ഷിതാക്കൾ ആയ സിജു തോമസ്, ജയാനന്ദൻ, സബിത ലിജോ, മനോജ് കാണ്ട്യൻ, കാസിം പുതുക്കുടി എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.