അഴിമതി കേസുകളില്‍ സൗദിയിൽ 121 പേര് അറസ്റ്റില്‍
Mail This Article
ജിദ്ദ∙ അഴിമതി കേസുകളില്‍ വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ അടക്കം 121 പേരെ ഒക്‌ടോബറിൽ അറസ്റ്റ് ചെയ്തതായി ഓവര്‍സൈറ്റ് ആൻഡ് ആന്‍റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. കൈക്കൂലി, അധികാര ദുര്‍വിനിയോഗം എന്നീ കേസുകളില്‍ ആകെ 232 പേരെയാണ് കഴിഞ്ഞ മാസം ചോദ്യം ചെയ്തത്. കുറ്റക്കാരാണെന്ന് തെളിഞ്ഞ 121 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ആഭ്യന്തര, നീതിന്യായ, നാഷണല്‍ ഗാര്‍ഡ്, മുനിസിപ്പല്‍-പാര്‍പ്പിടകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും അറസ്റ്റിലായ കൂട്ടത്തിലുണ്ട്. പ്രതികള്‍ക്കെതിരായ കേസുകള്‍ കോടതിക്ക് കൈമാറും. അഴിമതിയും അധികാര ദുര്‍വിനിയോഗവും മറ്റും സംശയിച്ച് ഒക്‌ടോബറിലെ വിവിധ പ്രവിശ്യകളില്‍ 1,903 ഫീല്‍ഡ് പരിശോധനകളാണ് നടത്തിയതെന്നും ഓവര്‍സൈറ്റ് ആൻഡ് ആന്‍റി-കറപ്ഷന്‍ അതോറിറ്റി അറിയിച്ചു.