ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് നാളെയും മറ്റന്നാളും പ്രവർത്തിക്കില്ല
Mail This Article
ദുബായ്∙ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് ഹെൽപ് ഡെസ്‌ക് നാളെ(ശനി)യും ഞായറാഴ്ചയും പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. കോൺസുലേറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് ഇക്കാര്യം അറിയിച്ചത്.
പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി യുഎഇയിൽ വീസ കാലാവധി കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും അൽ അവീർ കേന്ദ്രത്തിലും സഹായം നൽകിവരികയാണ്. വ്യക്തികൾക്ക് അവരുടെ പദവി ക്രമപ്പെടുത്താനോ പിഴകൾ നേരിടാതെ രാജ്യം വിടാനോ പൊതുമാപ്പ് പദ്ധതി അനുവദിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ തുടങ്ങിയ എയർലൈനുകളുമായി സഹകരിച്ച് പൊതുമാപ്പ് നേടുന്നവർക്ക് വിമാന ടിക്കറ്റിൽ നിരക്കിളവ് നൽകുകയും ജോലി അവസരങ്ങൾ നൽകുന്നതിന് വിവിധ കമ്പനികളുമായി ഏകോപിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ പൗരന്മാരെ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുകയും വീസാ നടപടിക്രമങ്ങൾ പാലിക്കാൻ ഓർമിപ്പിക്കുന്നുമുണ്ട്. സെപ്റ്റംബർ 1ന് ആരംഭിച്ച രണ്ടുമാസത്തെ പൊതുമാപ്പ് ഒക്ടോബർ 1ന് അവസാനിക്കാനിരിക്കെ അധികൃതർ 2 മാസത്തേയ്ക്ക് കൂടി നീട്ടുകയാണ് ചെയ്തത്. ഇന്ത്യക്കാരടക്കം ഒട്ടേറെ പേർ ഇനിയും പൊതുമാപ്പിന് അപേക്ഷിക്കാൻ വേണ്ടി കാത്തിരിക്കുന്നുണ്ട്. ഇവർ എത്രയും പെട്ടെന്ന് നടപടി പൂർത്തിയാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.