ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ യുഎഇയിൽ പതാകദിനാചരണം
Mail This Article
അബുദാബി ∙ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച് യുഎഇ പതാക ദിനം ആചരിച്ചു. ദേശസ്നേഹത്തിന്റെ ആരവങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഇന്നലെ രാവിലെ 11ന് പതാക ഉയർത്തൽ നടന്നു.
പതാക ദിനമായ നാളെ വാരാന്ത്യ അവധി ദിനമായതിനാൽ തൊട്ടുമുൻപത്തെ പ്രവൃത്തി ദിനത്തിൽ പതാക ദിനം ആചരിക്കുകയായിരുന്നു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള വിശ്വസ്തതയും പ്രതിജ്ഞയും പുതുക്കുന്നതിനുള്ള അവസരം കൂടിയാണിത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം 2012ലാണ് പതാക ദിനം സ്ഥാപിച്ചത്.
മന്ത്രാലയത്തിലും വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലുമായി നടന്ന ആഘോഷത്തിൽ വിദേശികളും പങ്കെടുത്തു. ലുലു ഗ്രൂപ്പിന്റെ അബുദാബിയിലെ ആസ്ഥാനത്ത് നടന്ന പതാക ദിനാചരണത്തിൽ ചെയർമാൻ എം. എ യൂസഫലിയും അബുദാബി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. പോറ്റുനാടിന്റെ ആഘോഷത്തിൽ പ്രവാസി മലയാളി സംഘടനകളും ഒത്തുചേർന്നു. യുഎഇയിലെ സ്കൂളുകളിൽ പതാക ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലിയും കലാപരിപാടികളും അരങ്ങേറി.