ADVERTISEMENT

ദോഹ ∙ പ്രായമായവരുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നാഷനൽ ഏജിങ് സർവേ ആരംഭിച്ച് ഖത്തർ . നാഷനൽ പ്ലാനിങ് കൗൺസിലിന്റെയും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെയും (എച്ച്എംസി) സഹകരണത്തോടെ പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) നടത്തുന്ന നാഷനൽ ഏജിങ് സർവേയുടെ ഫീൽഡ് വർക്ക് ഇന്ന് ഔദ്യോഗികമായി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

60 വയസ്സും അതിൽ കൂടുതലുമുള്ള വ്യക്തികളുടെ ആരോഗ്യത്തെയും ആവശ്യങ്ങളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുക എന്ന  ലക്ഷ്യത്തോടെയാണ് സർവേ  സംഘടിപ്പിക്കുന്നത്. സ്വദേശികളും  വിദേശികളും ഉൾപ്പെടെ ഈ പ്രായത്തിലുള്ള 1,808 വ്യക്തികളുടെ വിവരങ്ങൾ ഭവന സന്ദർശനത്തിലൂടെ ശേഖരിക്കും. രക്തസമ്മർദം, ഭാരം, കേൾവി, ശ്വാസകോശ പ്രവർത്തന പരിശോധനകൾ, ശാരീരികവും വൈജ്ഞാനികവുമായ കഴിവുകളുടെ പരിശോധനകൾ തുടങ്ങിയവ നടത്തും. കൂടാതെ, സർവേയിൽ പങ്കെടുക്കുന്നവരുടെ ആരോഗ്യം, ജീവിതശൈലി എന്നിവയെക്കുറിച്ചുള്ള ചോദ്യാവലിയും ഉണ്ടാകും. ഗൃഹസന്ദർശനത്തിന് അനുയോജ്യമായ സമയം ക്രമീകരിക്കുന്നതിന് സർവേയിൽ പങ്കെടുക്കുന്നവരെ ഫോൺ കോളുകൾ വഴിയും സന്ദേശങ്ങൾ വഴിയും മുൻകൂട്ടി ബന്ധപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി. ഫീൽഡ് സർവേ 2025 ജനുവരി 31 വരെ തുടരും.

ആരോഗ്യമേഖല മെച്ചപ്പെടുത്തുന്നതിനുള്ള ഖത്തറിന്റെ നിരന്തരമായ ശ്രമങ്ങളിൽ നാഷനൽ ഏജിങ് സർവേ ശ്രദ്ധേയമായ ചുവടുവയ്പ്പാണെന്ന് എച്ച്എംസിയിലെ ദീർഘകാല പരിചരണം, പുനരധിവാസം, ജെറിയാട്രിക്സ് കെയർ എന്നിവയുടെ ഡെപ്യൂട്ടി ചീഫും നാഷനൽ ഏജിങ് സർവേ പ്രോജക്ട് മേധാവിയുമായ ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു. മുതിർന്ന പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള സമഗ്രമായ ഡേറ്റ ശേഖരിക്കുന്നതിലൂടെ അവരുടെ ആവശ്യങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് നന്നായി മനസ്സിലാക്കാൻ ഇത് സഹായിക്കും. ഇത് അവർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അവർ പറഞ്ഞു.

പൊതുജനാരോഗ്യ മന്ത്രാലയം, നാഷനൽ പ്ലാനിങ് കൗൺസിൽ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുന്ന പരിശീലനം ലഭിച്ച മെഡിക്കൽ ടീമാണ് ഗൃഹസന്ദർശനങ്ങൾ നടത്തുന്നത്. ടീം അംഗങ്ങൾ നന്നായി പരിശീലിപ്പിച്ചവരും പ്രായമായവരുമായി പ്രവർത്തിക്കുന്നതിൽ പരിചയസമ്പന്നരാണെന്നും ഡോ. ഹനാദി അൽ ഹമദ് കൂട്ടിച്ചേർത്തു. സർവേയും അതിന്റെ ഫീൽഡ് ടീമും സംബന്ധിച്ച വിവരങ്ങൾക്ക് 16000 എന്ന നമ്പറിൽ ബന്ധപ്പെടാം.

English Summary:

Qatar Launches National Aging Survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com