ADVERTISEMENT

അബുദാബി ∙ അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും വിതരണം ചെയ്യുന്നതും അബുദാബി സ്കൂളുകളിൽ നിരോധിച്ചു. സ്കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും നിർത്തലാക്കി. 

ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്കൂളിലേക്കു കൊണ്ടുവരുന്നതെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി അഡെക് അംഗീകരിച്ച നയം നടപ്പിലാക്കാൻ സ്കൂളുകൾ ബാധ്യസ്ഥരാണെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു. അലർജിക്കു കാരണമാകുന്ന അണ്ടിപ്പരിപ്പുകൾ ഉൾപ്പെടെ സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ സ്കൂളിലോ പരിസരത്തോ കഴിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. 

സ്കൂൾ പ്രവൃത്തി സമയത്തോ അതു കഴിഞ്ഞോ ഹോട്ടലുകളിൽനിന്നും മറ്റും ഓർഡർ ചെയ്ത് സ്കൂളിൽ ഭക്ഷണം എത്തിച്ച് കഴിക്കുന്നതും വിലക്കിയിട്ടുണ്ട്.പോഷക സമ്പുഷ്ടമായ ഭക്ഷണം കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് നിയമം കർശനമാക്കിയത്. 

ആരോഗ്യകരമായ ഭക്ഷണവും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുക, വീട്ടിൽനിന്ന് തയാറാക്കിയ ഭക്ഷണം പ്രോത്സാഹിപ്പിക്കുക, സ്കൂൾ കന്റീനുകളിൽ ആരോഗ്യകരമായ വിവിധ ഭക്ഷണം ലഭ്യമാക്കുക, ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുക, അലർജിയുണ്ടാക്കുന്ന ഭക്ഷണം കുട്ടികൾ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക, അലർജിയുള്ള വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങി 6 അടിസ്ഥാന തത്വങ്ങൾ പാലിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് അഡെക് വ്യക്തമാക്കി. 

ജീവനക്കാർ, വിദ്യാർഥികൾ, വിതരണക്കാർ, രക്ഷിതാക്കൾ എന്നിവർക്ക് മനസ്സിലാക്കാവുന്ന വിധം ഭക്ഷ്യസുരക്ഷാ നയങ്ങൾ സ്കൂളിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. സ്കൂൾ കന്റീനുകളിലെ ഭക്ഷണം മെച്ചപ്പെടുത്തുന്നതിന് വിദ്യാർഥികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും പറഞ്ഞു.

 അലർജിയുള്ള വിദ്യാർഥികളുടെ രേഖകൾ പ്രത്യേകം സൂക്ഷിക്കുക, അലർജിക്കു കാരണമായേക്കാവുന്ന ഭക്ഷണത്തെക്കുറിച്ച് കുട്ടിയോടും കുടുംബത്തോടും ചോദിച്ച് മനസ്സിലാക്കുക, അലർജിയുണ്ടായാൽ ഉടൻ മരുന്ന് നൽകുക, വിവരം രക്ഷിതാക്കളെ അറിയിക്കുക എന്നിവയാണ് മറ്റു നിർദേശങ്ങൾ.

സ്കൂളിൽ ഭക്ഷ്യമാലിന്യം കുറയ്ക്കുന്നതിനും അവ പെട്ടെന്ന് നിർമാർജനം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന ഉൽപന്നങ്ങൾ സ്കൂളിലേക്കു കൊണ്ടുവരുന്നത് നിരുത്സാഹപ്പെടുത്തണം. നിയമലംഘകർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും അഡെക് മുന്നറിയിപ്പുനൽകി.

English Summary:

Allergy-causing foods and delivery services banned in Abu Dhabi schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com