യുഎഇയിൽ മഴക്കാലം വരുന്നു; മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതരുടെ നിർദേശം
Mail This Article
ദുബായ് ∙ മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദേവ) പൊതുജനങ്ങളോട് അഭ്യർഥിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ വൈദ്യുതി വിതരണം ഉറപ്പാക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.
വൈദ്യുത സംവിധാനങ്ങളുടെ പതിവ് പരിശോധനയും അറ്റകുറ്റപ്പണിയും നടത്തുക. എല്ലാ ബാഹ്യ ഇലക്ട്രിക്കൽ കണക്ഷനുകളും പാനലുകളും മീറ്റർ ബോക്സുകളും വാട്ടർപ്രൂഫും ശരിയായി ഇൻസുലേറ്റ് ചെയ്തതുമാണെന്ന് ഉറപ്പാക്കണം. വൈദ്യുത സംബന്ധമായ എല്ലാ ജോലികൾക്കും യോഗ്യതയുള്ള ഇലക്ട്രീഷ്യനെ മാത്രമേ നിയോഗിക്കാവൂ.
വൈദ്യുത പാനലുകൾ സുരക്ഷിതമായി അടയ്ക്കുക, വൈദ്യുതി മീറ്ററിന്റെ ഗ്ലാസ് കവർ പൊട്ടിയാൽ ഉടൻ മാറ്റി സ്ഥാപിക്കുക, മേൽക്കൂരയിലെ വൈദ്യുത ചാലകങ്ങളിലെ തുറസ്സുകൾ അടയ്ക്കുക, എർത്തിങ് കേബിളുകൾ പരിശോധിച്ച് സുസ്ഥിരമാണെന്ന് ഉറപ്പാക്കുക എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേവയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും വെബ്‌സൈറ്റിലൂടെയും മഴക്കാലത്തെ സുരക്ഷാ നിർദ്ദേശങ്ങൾ ലഭ്യമാണ്. സാങ്കേതിക അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 991 എന്ന നമ്പരിലാണ് ബന്ധപ്പെടേണ്ടത്.