പതിനാലാമത് ഷാർജ പ്രസാധക സമ്മേളനം ഉദ്ഘാടനം ചെയ്തു
Mail This Article
ഷാര്‍ജ ∙ പതിനാലാമത് ഷാർജ പ്രസാധക സമ്മേളനം ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ബൊദൂർ ബിൻത് സുൽത്താൻ അൽഖാസിമി എക്സ്പോ സെന്ററിനോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷനൽ പബ്ലിഷേഴ്സ് അസോസിയേഷനുമായി ചേർന്നാണ് ബുധാനാഴ്ച ആരംഭിക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ചുള്ള ത്രിദിന പരിപാടി.
ലോകത്തെങ്ങുമുള്ള 108 രാജ്യങ്ങളിൽ നിന്നുള്ള 74 പ്രഭാഷകരും 1,065 പ്രസാധകരും സാഹിത്യ ഏജന്റുമാരും പങ്കെടുക്കുന്നു. മലയാളമടക്കം ഇന്ത്യയിൽ നിന്നുള്ള പ്രസാധകരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഒട്ടേറെ രാജ്യാന്തര പ്രശസ്തമായ പുസ്തകങ്ങളുടെ വിവർത്തനാവകാശം മലയാളം പ്രസാധകർ സ്വന്തമാക്കി.
രാജ്യാന്തര പ്രസാധക പ്രഫഷണലുകൾക്ക് ആശയങ്ങൾ കൈമാറുന്നതിനും പങ്കാളിത്തം ഉണ്ടാക്കുന്നതിനും അവകാശങ്ങൾ, വിതരണം, വിൽപന എന്നിവയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണ പങ്കാളിത്തം കണ്ടെത്തുന്നതിനുമുള്ള പ്രധാന പ്ലാറ്റ്ഫോം എന്ന നിലയിൽ കോൺഫറൻസിന്റെ ആഗോള പ്രാധാന്യത്തിന് ഈ സമ്മേളനം സഹായകമാകുന്നു. അതിർത്തി കടന്നുള്ള സാംസ്കാരിക വിനിമയത്തിനും നവീകരണത്തിനും വേണ്ടി പോരാടുന്ന ഒരു ആഗോള പ്രസാധക സമൂഹത്തെ വളർത്തിയെടുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഷാർജ പബ്ലിഷേഴ്സ് കോൺഫറൻസ് ഉൾക്കൊള്ളുന്നുവെന്ന് ഷെയ്ഖ ബൊദൂർ പറഞ്ഞു. പ്രസാധക മേഖല ദ്രുതഗതിയിലുള്ളതും വിശാലവുമായ ഒട്ടേറെ മാറ്റങ്ങൾ കൈവരിക്കുന്നതിനാൽ സമ്മേളനത്തിൽ പുതിയ ശബ്‌ദങ്ങൾ കേൾക്കാൻ കഴിയുമെന്നും വ്യവസായം സമഗ്രതയോടെ വികസിക്കുന്നുവെന്നും ഉറപ്പാക്കുക എന്നതാണ് ചുമതലയെന്നും അവർ പറഞ്ഞു. അതിരുകൾക്കപ്പുറമുള്ള ആളുകളെ ഒന്നിപ്പിക്കുന്നതും മാനുഷിക കഥകളുടെ വൈവിധ്യത്തെ ആഘോഷിക്കുന്നതുമായ ഒരു പ്രസാധക ലാൻഡ്‌സ്‌കേപ്പ് നിർമിക്കുന്നത് നമുക്ക് തുടരാം. മൂന്നാമത് ഷാർജ റൈറ്റ്സ് കണക് ഷൻ അവാർഡ്സ് ജേതാക്കളെ ഷെയ്ഖ ബൊദൂർ അൽ ഖാസിമിയും സിഇഒ അഹമദ് റക്കാദ് അൽ അംറിയും ആദരിച്ചു.