ഒമാനില്‍ ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യാപക പരിശോധന
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ രഹസ്യ വ്യാപാരം തടയുന്നതിന്റെ ഭാഗമായി പരിശോധന ശക്തമാക്കി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ദാഹിറ ഗവര്‍ണറേറ്റിലെ റസ്‌റ്ററന്റുകള്‍, കഫേകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു.
ബിനാമി ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളും ഏതെങ്കിലും അംഗീകൃത ബാങ്കില്‍ അക്കൗണ്ട് തുറക്കണമന്ന് നേരത്തെ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. രാജ്യത്തെ നിയമമോ രാജകീയ ഉത്തരവോ അനുവദിക്കാത്ത ബിനാമി ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ പിടിക്കപ്പെട്ടാല്‍ 15,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കും.
സ്ഥാപനം സ്ഥാപിക്കുന്ന സമയത്തെ രേഖകള്‍, ലൈസന്‍സ് നേടാനുള്ള അപേക്ഷ, സ്ഥാപനത്തിന്റെ അക്കൗണ്ട് എന്നിവയില്‍ തെറ്റായ വിവരമോ കണക്കോ സമര്‍പ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പ്രവാസികള്‍ക്ക് നല്‍കുന്ന സ്ഥാപന ഉടമയുടെ സമ്മതവും രഹസ്യ വ്യാപാരത്തില്‍ പെടുന്നു. ബിനാമി ഇടപാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 80000070 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.