പാലക്കാട്ടെ റെയ്ഡ് ബിജെപിയെ സഹായിക്കാൻ; ഇപ്പോൾ പെട്ടിയിലാണ് പരാതി. ആരാണ് പെട്ടി കൊണ്ടുപോകാത്തത്?: കെ. മുരളീധരൻ
Mail This Article
ഷാർജ ∙ ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം വേണ്ടെന്നും, ബിജെപി അത്ര വലിയ ശത്രുവല്ലെന്നും പ്രഖ്യാപിക്കാൻ ഒരുങ്ങുന്ന പാർട്ടി കോൺഗ്രസ് പ്രമേയത്തിന്റെ ഉദ്ഘാടനമാണ് ഇന്നലെ പാലക്കാട് നടന്നതെന്നു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
കൊടകര കുഴൽപ്പണ കേസിൽ നിൽക്കക്കള്ളിയില്ലാതെ നടക്കുന്ന ബിജെപിയെ സഹായിക്കാൻ വേണ്ടിയുള്ള നാടകമായിരുന്നു അത്. നാടകം തുടക്കത്തിലെ പൊളിഞ്ഞു. ഇപ്പോൾ പെട്ടിയിലാണ് പരാതി. ആരാണ് പെട്ടി കൊണ്ടുപോകാത്തത്? മാറാനുള്ള വസ്ത്രം പെട്ടിയിലല്ലേ കൊണ്ടുപോകുന്നത്? ഉടുതുണിയില്ലാതെ നടക്കാൻ പറ്റുമോ? പെട്ടിയിൽ പണമാണെന്ന് ആരു പറഞ്ഞു. ഇവിടേക്കു വരുമ്പോൾ പെട്ടിയിലാണ് ഞാനും വസ്ത്രങ്ങൾ കൊണ്ടുവന്നത്. ഇവിടേക്കു പണം കടത്തിയെന്നു പറയുമോ? – മുരളീധരൻ ചോദിച്ചു. സിപിഎമ്മിന് ആരാണ് ഇപ്പോൾ ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നത്. ഉള്ള ബുദ്ധിപോലും മരവിച്ചു പോയോ?
തൃശൂർ ഡീലിന്റെ തുടർച്ചയാണ് പാലക്കാട്ട്. ബിജെപിക്കും സിപിഎമ്മിനും ഒരേ സ്വരം, ഒരേ താളം, ഓരേ മേളം. അതാണ് ഇന്നലെ കണ്ടത്. പരാജയത്തിനു മുൻപുള്ള അവസാന ശ്രമമാണ് അവരുടേത്.
ഇതുകൊണ്ടൊന്നും പാലക്കാടോ ചേലക്കരയോ ജയിക്കാൻ കഴിയില്ല. പ്രിയങ്കയുടെ ഭൂരിപക്ഷം കുറയ്ക്കാനും കഴിയില്ല. അതേസമയം, വനിതാ പൊലീസ് ഇല്ലാതെ അർധ രാത്രിയിൽ വനിതാ നേതാക്കളുടെ മുറിയിൽ കയറാൻ ശ്രമിച്ചതിനെ കോൺഗ്രസ് വെറുതെ വിടില്ല. 23ന് ഇലക്‌ഷൻ കഴിഞ്ഞാലും അതിക്രമത്തിനെതിരെ നടപടികൾ തുടരും. അത്യന്തം ഗൗരവമുള്ള വിഷയമാണതെന്നും മുരളീധരൻ പറഞ്ഞു. ഷാർജ പുസ്തകോൽസവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുരളീധരൻ.