'അമേരിക്കയിൽ ട്രംപ് വന്നല്ലോ, ഇനി പലിശ കുറയും, എല്ലാം കൊണ്ടും അനുകൂല സാഹചര്യം'; ലുലു ഓഹരിക്ക് 25 ഇരട്ടി അപേക്ഷകർ: യുസഫലി
Mail This Article
അബുദാബി∙ ഓഹരി വിൽപ്പനയിലൂടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് 15000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട ലുലു റീട്ടെയ്‌ലിന്റെ ഓഹരികൾക്കായി നിക്ഷേപകർ മാറ്റിവച്ചത് 3 ലക്ഷം കോടി രൂപ !. എം.എ. യൂസഫലി എന്ന സംരംഭകനിലും ലുലു എന്ന ബ്രാൻഡിലും ജിസിസി രാജ്യങ്ങൾ അർപ്പിച്ച വിശ്വാസത്തിന്റെ നേർചിത്രമാണിത്. 82,000 പേരാണ് ഓഹരികൾ ബുക്ക് ചെയ്തത് - 25 ഇരട്ടി ഓവർ സബ്സ്ക്രിപ്ഷൻ. അബുദാബി എക്സ്ചേഞ്ചിന്റെ ചരിത്രത്തിൽ ആദ്യമാണിത്. ആവശ്യക്കാർ ഏറിയതോടെ വിൽക്കാനുദ്ദേശിച്ച ഓഹരി വിഹിതം 25ൽ നിന്ന് 30 ശതമാനമായി ഉയർത്തി. ഏറ്റവും ഉയർന്ന തുകയായ 2.04 ദിർഹം വിലയായി നിശ്ചയിച്ചു. അതെക്കുറിച്ച് ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലി മനോരമയുമായി സംസാരിക്കുന്നു:
ഇത്ര വലിയ പ്രതികരണം വിപണിയിൽ നിന്നു പ്രതീക്ഷിച്ചിരുന്നോ?
സത്യം പറഞ്ഞാൽ, പ്രതീക്ഷിച്ചിരുന്നില്ല. 25 ഇരട്ടിയാണ് ഓവർ സബ്സ്ക്രിപ്ഷൻ. രാജകുടുംബാംഗങ്ങളും ഗൾഫ് രാജ്യങ്ങളിലെ ഗവൺമെന്റുകളും അർപ്പിച്ച വിശ്വാസം. 82000 നിക്ഷേപകർ. ഇതെല്ലാം പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു. വളർച്ചയുടെ ഒരുഘട്ടമെത്തുമ്പോൾ ലിസ്റ്റിങ് കമ്പനിയായി മാറേണ്ടി വരും. ഇന്ത്യയിലെ ഏതു കമ്പനിയാണ് ലിസ്റ്റ് ചെയ്യാത്തത് ? അദാനിയായാലും അംബാനി ആയാലും ലിസ്റ്റിങ്ങിലൂടെ തന്നെയാണ് അവരുടെ ആസ്തി വർധിപ്പിച്ചത്. വായ്പാ പലിശ എല്ലാ കമ്പനിക്കും പ്രശ്നമാണ്. ലുലുവിന്റെ മുഴുവൻ കടങ്ങളും മൂലധന സമാഹരണത്തിലൂടെ തീരുകയാണ്. ബാങ്ക് വായ്പയപടം പലിശ മാത്രം 500 കോടി ദിർഹം വരുന്നുണ്ട്. ഇനി പലിശയിൽ നിന്നു രക്ഷപ്പടാം; ആ പണം ലാഭമായി നിക്ഷേപകർക്ക് വിതരണം ചെയ്യാം.
ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന തുക വേറെ എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്?
ജിസിസിയിലെ വികസനത്തിനു വേണ്ടി തന്നെ. ഇനിയും ഒരുപാട് രാജ്യങ്ങളുണ്ടല്ലോ, അവിടേക്കും ലുലു കടന്നു ചെല്ലും. ഇറാഖ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും പോകണം. ജിസിസിയിൽ ഇനിയും അവസരമുണ്ട്. ജനസംഖ്യ വർധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത 5 വർഷത്തിനുള്ളിൽ ഗൾഫ് മേഖലയിൽ മാത്രം 100 പുതിയ ഷോപ്പുകൾ വരും. സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ലിസ്റ്റഡ് കമ്പനിയെന്നത് ലുലുവിനു ഭാവിയിൽ വലിയ ഗുണം ചെയ്യും.
5 ശതമാനം ഓഹരി കൂടി വിൽക്കാനുള്ള സമ്മർദ്ദം എവിടെ നിന്നായിരുന്നു?
സർക്കാർ സംരംഭങ്ങളിൽ നിന്നു തന്നെയാണ്. കുവൈത്ത് ഇൻവസ്റ്റ്മെന്റ് അതോറിറ്റിയാണ് അതിൽ പ്രധാനം. കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ ഇൻവസ്റ്റ്മെന്റ് കമ്പനികളും ആവശ്യക്കാരായി. അപേക്ഷകരിൽ ബഹുഭൂരിപക്ഷവും ജിസിസി പൗരന്മാരാണ്.
ഇത്രയും ഓവർസബ്സ്ക്രിപ്ഷൻ വന്ന സാഹചര്യത്തിൽ ഇനി ഓഹരി വിതരണം വലിയ വെല്ലുവിളിയല്ലേ?
റീട്ടെയിൽ അലോട്മെന്റ് അബുദാബി സ്റ്റോക് എക്സ്ചേഞ്ചാണ് ചെയ്യുന്നത്. അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചാണ്.
ഐപിഒയിലേക്കു കടക്കും മുൻപുള്ള പ്രധാന മുന്നൊരുക്കം എന്തായിരുന്നു?
എല്ലാ ഗൾഫ് ഭരണാധികാരികളെയും നേരിൽ പോയി കണ്ടു. അവരുടെയെല്ലാം അനുഗ്രഹം വാങ്ങി. ലുലു ഐപിഒ തുടങ്ങാൻ പോകുന്ന കാര്യം അവരാരും പത്രത്തിലൂടെയല്ല അറിയേണ്ടത്. അവരെ നേരിൽ കണ്ട് അറിയിക്കേണ്ടത് എന്റെ കടമയാണ്. എല്ലാവരും സന്തോഷത്തോടെയാണ് ഐപിഒ നീക്കത്തെ സ്വാഗതം ചെയ്തത്.
‘കോർണർസ്റ്റോൺ നിക്ഷേപകർ’ എല്ലാം ഭരണാധികാരികളുമായി ബന്ധപ്പെട്ടവരാണോ?
അതേ. എല്ലാം സോവറിൻ ഫണ്ടുകൾ തന്നെയാണ്. എല്ലാ കമ്പനികളും രാജ കുടുംബങ്ങളുമായി ബന്ധപ്പെട്ടതു തന്നെയാണ്. സർക്കാർ കമ്പനികളാണ്. അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്ങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് എന്നിവരാണ് മുഖ്യനിക്ഷേപകർ. ഇവർക്ക് ഓഹരി തീരുമാനിക്കുന്നത് ഞാൻ കൂടി ഉൾപ്പെട്ട കമ്മിറ്റിയാണ്.
14ന് ഓഹരി വിൽപ്പന തുടങ്ങുമല്ലോ?
അതേ, അന്നാണ് വിൽപ്പനയുടെ മണി മുഴങ്ങുന്നത്. അമേരിക്കയിൽ ട്രംപ് വന്നല്ലോ. ഇനി പലിശ കുറയും. ഓഹരി വിപണി സ്ഥിരത നേടും. എല്ലാം കൊണ്ടും അനുകൂല സാഹചര്യമാണ് . ഓഹരി വില ഇനിയും കൂടും. ട്രംപ് ഒരു ബിസിനസുകാരനാണ്. ബിസിനസ് അനുകൂല നിലപാടാകും പ്രസിഡന്റിന്റേത്. യുദ്ധം ഇല്ലാതാകും. ലുലുവിന്റെ ഓഹരി വിൽപ്പന ഏറ്റെടുത്ത മലയാളികൾ അടക്കമുള്ള മുഴുവൻ നിക്ഷേപകർക്കും നന്ദി. ഓഹരി നിക്ഷേപ രംഗത്തേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരാനും ലുലു ഐപിഒ വഴിയൊരുക്കി.