ഭിന്നശേഷിക്കാരുടെ സുരക്ഷയ്ക്ക് ഏകീകൃത സംവിധാനമൊരുക്കാൻ യുഎഇ
Mail This Article
അബുദാബി ∙ ഭിന്നശേഷിക്കാരെ (നിശ്ചയദാർഢ്യമുള്ളവർ) സംരക്ഷിക്കേണ്ടത് കുടുംബങ്ങൾ, തൊഴിലാളികൾ, സേവന ദാതാക്കൾ തുടങ്ങി എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അബുദാബി സാമൂഹിക വികസന വിഭാഗം (ഡിസിഡി) പറഞ്ഞു. ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിനായി പുറത്തിറക്കിയ പ്രത്യേക നയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതനുസരിച്ച് മികച്ച പിന്തുണയും സംരക്ഷണവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭിന്നശേഷിക്കാർ. ദുരുപയോഗം, അവഗണന, ചൂഷണം, വിവേചനം എന്നിവയിൽനിന്ന് ഇവരെ രക്ഷിക്കുന്നതിന് ഏകീകൃത സംവിധാനം കൊണ്ടുവരും. ഭിന്നശേഷിക്കാർ അഭിമുഖീകരിക്കുന്ന പെരുമാറ്റ, ആശയവിനിമയ, ശാരീരിക, പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സമൂഹത്തിൽ തുല്യ അവസരം ഉറപ്പാക്കുന്നതിനും അവരെ സഹായിക്കും. ഫാമിലി കെയർ അതോറിറ്റിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവസരങ്ങൾ ലഭ്യമാക്കുന്നതിനും നയം സഹായകമാണെന്ന് ഡിസിഡി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ലൈല അബ്ദുൽ അസീസ് അൽ ഹയാസ് പറഞ്ഞു.