ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താൻ യുഎഇ; പുകവലിക്കാരെ പരിശോധിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കം
Mail This Article
അബുദാബി ∙ യുഎഇയിൽ ശ്വാസകോശ അർബുദം നേരത്തെ കണ്ടെത്തുന്നതിന് പുകവലിക്കാരെ ലക്ഷ്യമിട്ട് ഡിജിറ്റൽ ഹെൽത്ത് അസസ്മെന്റ് പ്ലാറ്റ്ഫോം ആരംഭിക്കുന്നു. രോഗസാധ്യത കൂടുതലുള്ള 50 വയസ്സിനു മുകളിലുള്ളവരെയാണ് ലക്ഷ്യമിടുമെന്ന് ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കനുസരിച്ച് ആഗോള അർബുദ മരണങ്ങളുടെ പ്രധാന കാരണം ശ്വാസകോശ അർബുദമാണ്. ഈ വിഭാഗത്തിലാണ് പുരുഷന്മാരിലും സ്ത്രീകളിലും ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തുന്നത്. 2020ൽ ലോകത്ത് 18 ലക്ഷം പേർ ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചു.
ആ വർഷത്തെ ആകെ കാൻസർ മരണങ്ങളുടെ 18 ശതമാനം വരുമിത്. ശ്വാസകോശ അർബുദ കേസുകളിൽ 85 ശതമാനത്തിനും കാരണം പുകവലിയാണ്. പ്രതിരോധം ശക്തിപ്പെടുത്തിയും പുകയില നിയന്ത്രണ നടപടികൾ ഊർജിതമാക്കിയും അർബുദ നിരക്ക് ഗണ്യമായി കുറയ്ക്കാനാണ് പദ്ധതി.
നിർമിതബുദ്ധി ഉപയോഗിച്ച് നേരത്തെ ശ്വാസകോശ അർബുദം കണ്ടെത്തുന്നതിനുള്ള സംവിധാനം വികസിപ്പിക്കും. മെഡിക്കൽ ജീവനക്കാർക്ക് രാജ്യാന്തര നിലവാരമുള്ള പരിശീലനവും ബോധവൽക്കരണവും നൽകും. അസ്ട്രാസെനക്ക കമ്പനിയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ. 2030ഓടെ കാൻസർ മരണനിരക്ക് 30 ശതമാനം കുറയ്ക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യത്തിന് യുഎഇയുടെ മികച്ച പിന്തുണ നൽകും.
രോഗലക്ഷണങ്ങളെക്കുറിച്ച് ബോധവൽകരിക്കുക, സമയബന്ധിത പരിശോധന പ്രോത്സാഹിപ്പിക്കുക, പരിശോധനയ്ക്ക് എത്തുന്നവർക്ക് മാർഗനിർദേശം നൽകുക എന്നീ വിഷയങ്ങളിൽ ശിൽപശാല നടത്തും. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ആരോഗ്യകരമായ ജീവിതം ഉറപ്പാക്കുന്ന സംയോജിത ആരോഗ്യ സംവിധാനം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം പൊതുജനാരോഗ്യ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഡോ ഹുസൈൻ അബ്ദുൽ റഹ്മാൻ അൽ റാൻഡ് പറഞ്ഞു. ആരോഗ്യ വെല്ലുവിളികൾക്ക് നൂതന, സുസ്ഥിര പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമാണിത്. ഇതേസമയം യുഎഇയിൽ അർബുദ നിരക്ക് ആഗോള ശരാശരിയേക്കാൾ താഴെയാണെന്നും വ്യക്തമാക്കി.