വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ; വരുന്നു വമ്പൻ പദ്ധതികളും കൂടുതൽ തൊഴിൽ അവസരങ്ങളും
Mail This Article
അബുദാബി ∙ നേരിട്ടുള്ള വിദേശ നിക്ഷേപം മൂന്നിരട്ടിയാക്കാൻ യുഎഇ പുതിയ നയം പ്രഖ്യാപിച്ചു. 7 വർഷത്തിനകം 2.2 ട്രില്യൻ ദിർഹത്തിന്റെ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം. ഉൽപാദനം, പുനരുപയോഗ ഊർജം തുടങ്ങി സുപ്രധാന വിഭാഗങ്ങളിലേക്കാണ് നിക്ഷേപം ആകർഷിക്കുക.
അബുദാബിയിൽ നടക്കുന്ന സർക്കാർ പ്രതിനിധികളുടെ വാർഷിക യോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് നയം പ്രഖ്യാപിച്ചത്. മുൻഗണനാ വിഭാഗങ്ങളിലേക്ക് നിക്ഷേപം ആകർഷിക്കുക, നിലവിലെ പദ്ധതികൾ വികസിപ്പിക്കുന്നതിനുള്ള നിക്ഷേപം, രാജ്യാന്തര പങ്കാളിത്തം വർധിപ്പിക്കുക, നിക്ഷേപകരുമായുള്ള ബന്ധം ഊർജിതമാക്കുക, യുഎഇയുടെ മൊത്തത്തിലുള്ള മത്സരക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ നയത്തിന്റെ കാതൽ. 10 വർഷത്തിനകം വിദേശ നിക്ഷേപം ആകർഷിക്കുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങളിൽ ഒന്നാകുകയാണ് ലക്ഷ്യം. ഇതുവഴി കൂടുതൽ പദ്ധതികളും തൊഴിൽ അവസരങ്ങളും ഉണ്ടാകും.
അറബ് ലോകത്ത് വിദേശ നിക്ഷേപം ആകർഷിക്കുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് യുഎഇ. എണ്ണ ഇതര സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കുന്നത്. കഴിഞ്ഞ വർഷം 3068 കോടി ഡോളർ വിദേശനിക്ഷേപം യുഎഇയിൽ എത്തി. 2022ൽ ഇത് 2273 കോടിയായിരുന്നു. 35 ശതമാനം വളർച്ചയാണുണ്ടായത്.