‘മോനേ, നിന്നെ കാണാതെ ഇവിടെന്ന് പോകില്ല’;കരഞ്ഞു പറഞ്ഞിട്ടും റഹീം വന്നില്ല: സങ്കടമടക്കാനാകാതെ ഉമ്മ
Mail This Article
റിയാദ്∙ കടലേഴും താണ്ടിയാണ് അബ്ദുൽ റഹീമിന്‍റെ ഉമ്മ ഫാത്തിമ സൗദിയിലെത്തിയത്. വിമാനം കയറുമ്പോഴും ഈ മണ്ണിലിറങ്ങുമ്പോഴും 19 വർഷത്തിന് ശേഷം മകനെ ഒരു നോക്കു കാണാമെന്ന മോഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ കാണിക്കാമെന്ന വാക്കിന് മുന്നിൽ അവർ മറ്റെല്ലാം മറന്ന് വിമാനം കയറുകയും ചെയ്തു. എന്നാൽ തൊട്ടടുത്തെത്തിയിട്ടും മകനെ കാണാൻ ഉമ്മയ്ക്ക് സാധിച്ചില്ല. തൊട്ടടുത്തിരുന്ന് വിഡിയോ കോൺഫറൻസ് വഴി സംസാരിച്ചു. മകനെ കാണാൻ കഴിയാത്തതിന്‍റെ സങ്കടം പൊതിഞ്ഞുവെച്ച് റഹീമിന്‍റെ ഉമ്മ കണ്ണീർ പൊഴിക്കുന്നു.
ജയിലിനകത്തേക്ക് കടക്കുമ്പോള്‍ മനസിൽ നല്ല സന്തോഷമുണ്ടായിരുന്നു. പത്തൊൻപത് വർഷമായി മോനെ കണ്ടിട്ട്. ഇന്നെങ്കിലും അവനെ കാണാമല്ലോ എന്നായിരുന്നു സന്തോഷം. എന്നാൽ എന്നെ കാണാൻ അവൻ തയ്യാറായില്ല. തൊട്ടടുത്തെത്തിയിട്ടും അവൻ എന്നെ കാണാൻ വന്നില്ല. നാട്ടിൽ വരുമല്ലോ. അപ്പോ കാണാം, ആയുസുണ്ടെങ്കിൽ. കണ്ണീർ പൊഴിച്ച് ഫാത്തിമ പറയുന്നു.
കുറെ ബുദ്ധിമുട്ട് സഹിച്ചാണ് ഇവിടെ എത്തിയത്. ശരീരമാകെ വേദനയുണ്ട്. ജയിൽ മേധാവിയുടെ ഓഫിസിലെത്തിയ എന്നെ കാണാൻ വരാൻ റഹീമിനോട് ആവശ്യപ്പെട്ടെങ്കിലും വന്നില്ല. ഉദ്യോഗസ്ഥർ കുറെ നേരം പറഞ്ഞെങ്കിലും കാണാൻ തയ്യാറായില്ല. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പിന്നീട് അവനോട് സംസാരിച്ചത്. സെല്ലിന് സമീപത്തേക്ക് പോയെങ്കിലും റഹീം കാണാന്‍ കൂട്ടാക്കിയില്ല. ഉമ്മാന്‍റെ കൂടെ വന്നവരെ വിശ്വാസമില്ലെന്നാണ് റഹീം പറയുന്നത്. മോനേ, നിന്നെ കാണാതെ ഞാന്‍ ഇവിടെ നിന്ന് പോകില്ലെന്ന് കരഞ്ഞ് പറഞ്ഞെങ്കിലും റഹീം കാണാന്‍ തയ്യാറായില്ല.
ഒന്നര മണിക്കൂർ അവനെ കാത്തുനിന്നെങ്കിലും വന്നില്ല. അബഹയിൽനിന്ന് റിയാദിൽ എത്തിയ ഫാത്തിമ അടുത്ത ദിവസം ഉംറക്കായി മക്കയിലേക്ക് പോകും. അവിടെ നിന്ന് നാട്ടിലേക്ക് തിരിക്കും. ഒക്ടോബർ മുപ്പതിന് സൗദിയിൽ എത്തിയ ഫാത്തിമയും റഹീമിന്‍റെ സഹോദരൻ നസീറും അബഹയിലായിരുന്നു താമസിച്ചിരുന്നു. അവിടെനിന്ന് ഇന്നലെ രാവിലെയാണ് റിയാദിൽ എത്തിയത്. ഒന്നേകാൽ മുതൽ മൂന്നേ മുക്കാൽ വരെ ജയിലിൽ കഴിഞ്ഞെങ്കിലും റഹീം കാണാൻ കൂട്ടാക്കിയതേയില്ല.
റഹീമിന്‍റെ മോചനത്തിന് ആവശ്യമായ തുക സ്വരൂപിക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച റഹീം നിയമസഹായ സമിതിയുടെ പിന്തുണയില്ലാതെ സന്ദർശനം നടത്തരുതെന്ന് നേരത്തെ തന്നെ റഹീം ഉമ്മയോടും കുടുംബത്തോടും ആവശ്യപ്പെട്ടിരുന്നു. റഹീം നിയമസഹായ സമിതിയുമായി നേരത്തെ തന്നെ സഹകരിക്കാത്ത ചില സാമൂഹ്യ പ്രവർത്തകരാണ് റഹീമിന്‍റെ ഉമ്മയെയും സഹോദരനെയും സൗദിയിൽ എത്തിച്ചത്.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദിലെ ജയിലിൽ കഴിയുന്ന റഹീമിന്‍റെ മോചന ഹർജി നവംബർ 17ന് കോടതി പരിഗണിക്കും. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുന്നത്. നവംബർ 21ന് കേസ് പരിഗണിക്കുമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും റഹീമിന്‍റെ അഭിഭാഷകരുടെ അപേക്ഷപ്രകാരം 17 ലേക്ക് മാറ്റുകയായിരുന്നു.
റഹീം കേസിൽ നിർണ്ണായക വിധി ഈ മാസം 17ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് റഹീം നിയമസഹായ സമിതി പ്രവർത്തകരും അഭിഭാഷകരും. ഇതിനിടയിലാണ് റഹീമിന്‍റെ ഉമ്മയും സഹോദരനും സൗദിയിലേക്ക് തിരിച്ചത്. തന്നെ ഇപ്പോൾ കാണാൻ വരേണ്ടതില്ലെന്നും കേസിന്‍റെ നടത്തിപ്പിന് ഇത് പ്രയാസമുണ്ടാക്കുമെന്നും റഹീം കുടുംബത്തെ അറിയിച്ചിരുന്നു.