ഷാർജ രാജ്യാന്തര പുസ്തകമേളയിൽ മലയാളികളുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു
Mail This Article
ഷാര്‍ജ ∙ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ മലയാളികളുടെ വിവിധ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഡോ.ടി.എസ്. ജോയ് എഴുതിയ അനശ്വരാവേശത്തിന്റെ ആരംഭഗാഥ എന്ന പുസ്തകം കോൺഗ്രസ് നേതാവ് കെ.മുരളീധരന്‍ പ്രകാശനം ചെയ്തു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ ഉത്ഭവവും വികാസവുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. കെപിസിസിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് പ്രസാധകർ. കാര്‍ട്ടൂണിസ്റ്റ് ജിതേഷ് ജി, ഇന്‍കാസ് യുഎഇ പ്രസിഡന്റ് സുനിൽ അസീസ്, സഞ്ജു പിള്ള, ബിജു ഏബ്രാഹം തുടങ്ങിയവർ സംബന്ധിച്ചു.
∙ കുഴൂർ വിൽസന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു
കുഴൂർ വിൽസന്റെ 'കുഴൂർ വിൽസന്റെ കവിതകൾ' എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പ് മാധ്യമ പ്രവർത്തകൻ കെ.പി.കെ. വെങ്ങര, വി.എസ്.സിന്ധു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കവി പി. ശിവപ്രസാദ്, രമേഷ് പെരുമ്പിലാവ്, കെ. രഘുനന്ദനൻ, അനിൽ നായർ എന്നിവർ പ്രസംഗിച്ചു. കുഴൂർ വിൽസൺ കവിത ചൊല്ലുകയും മറുപടി പ്രസംഗം നടത്തുകയും ചെയ്തു. മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ അവതാരകനായിരുന്നു.
∙ കെ.എം.അബ്ബാസിന്റെ പുസ്തകം പ്രകാശനം ചെയ്തു
കെ.എം.അബ്ബാസിന്റെ 'ഒലിവ് മരമേ, ജലം തേടിപ്പോയ വേരെവിടെ' എന്ന കവിതാസമാഹാരം ഷാർജ പുസ്തക മേള എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻ കുമാർ, എഴുത്തകാരനും മാധ്യമപ്രവർത്തകനുമായ എ.വി. അനിൽകുമാറിന് നൽകി പ്രകാശനം ചെയ്തു. പുസ്തകത്തിലെ കവിതകൾ കുഴൂർ വിൽസൺ, ജമാൽ വട്ടംകുളം, ഷാബു കിളിത്തട്ടിൽ, വനിത വിനോദ്, അനൂപ്, ശിവ പ്രസാദ്, രാധാകൃഷ്ണൻ മച്ചിങ്ങൽ എന്നിവർ അവതരിപ്പിച്ചു. സുഭാഷ്, എം. ലുഖ്മാൻ എന്നിവർ പ്രസംഗിച്ചു.