ഒന്നാമനായി ദുബായ്; നേട്ടം സിംഗപ്പൂർ, ലൊസാഞ്ചലസ്, സിഡ്നി നഗരങ്ങളെ മറികടന്ന്
Mail This Article
ദുബായ് ∙ ബ്രാൻഡ് ഫിനാൻസിന്റെ 'ഗ്ലോബൽ സിറ്റി ഇൻഡക്‌സ് 2024' റിപ്പോർട്ടിൽ ദുബായ് മധ്യപൂർവദേശത്തേയും ആഫ്രിക്കയിലെയും മികച്ച നഗരം. എല്ലാ പ്രധാന പ്രകടന സൂചകങ്ങളിലും വിഭാഗങ്ങളിലും അസാധാരണമായ പ്രകടനം കാഴ്ചവച്ച് തുടർച്ചയായ രണ്ടാം വർഷവും മികച്ച നഗരമെന്ന പദവി നിലനിർത്തി.
യഥാക്രമം ആറ് മുതൽ പത്ത് വരെ റാങ്കിലുള്ള സിംഗപ്പൂർ, ലൊസാഞ്ചലസ്, സിഡ്നി, സാൻ ഫ്രാൻസിസ്കോ, ആംസ്റ്റർഡാം തുടങ്ങിയ പ്രമുഖ ആഗോള നഗരങ്ങളെയാണ് ദുബായ് മറികടന്നത്. വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വമാണ് ദുബായുടെ വിജയത്തിന് പിന്നിലെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
മേഖലകളിലുടനീളമുള്ള ആഗോള മത്സരക്ഷമതാ റാങ്കിങ്ങിൽ എമിറേറ്റ് ക്രമാനുഗതമായി മുന്നേറുന്നു. ദുബായ് ഈ വർഷം സൂചികയിൽ നാല് സ്ഥാനങ്ങൾ കയറി, ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ നഗര ബ്രാൻഡായി റാങ്ക് ചെയ്യുന്നു. ആഗോളതലത്തിൽ പ്രശസ്തിയുടെ കാര്യത്തിലും ഒന്നാം സ്ഥാനത്തെത്തി. 2023-ൽ ദുബായ് ഏഴാം സ്ഥാനത്തായിരുന്നു. സിഡ്‌നിയും ലണ്ടനുമാണ് രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും. പ്രാദേശിക തൊഴിൽ അവസരങ്ങളും വിദൂര ജോലികളും പരിഗണിച്ച് ദുബായ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.
ലണ്ടനെ മറികടന്ന് ആഗോള പ്രാധാന്യമുള്ള രണ്ടാമത്തെ മികച്ച നഗരമായി ദുബായ് അംഗീകരിക്കപ്പെട്ടു. ശക്തവും സുസ്ഥിരവുമായ സമ്പദ്‌വ്യവസ്ഥ, രാജ്യാന്തര വ്യാപാര കേന്ദ്രമെന്ന നിലയിൽ തന്ത്രപരമായ പങ്ക്, ലോകോത്തര ലോജിസ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ചർ, കിഴക്കും പടിഞ്ഞാറും പാലം നൽകുന്ന അനുകൂലമായ സ്ഥാനം എന്നിവ താമസക്കാർക്കും ബിസിനസുകാർക്കും ആഗോള നിക്ഷേപകർക്കും ദുബായിയെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നു.