കെഎംആർഎം ജൂബിലിക്ക് സമാപനം
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്ത് മലങ്കര റീത്ത് മൂവ്മെന്റിന്റെ (കെഎംആർഎം) ഒരു വർഷം നീണ്ട ജൂബിലിയും കൊയ്ത്തുത്സവവും സമാപിച്ചു. സീനിയർ വൈസ് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ് പതാക ഉയർത്തി.
വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും കാർഷിക വിഭവങ്ങളുടെയും അകമ്പടിയോടെ സെക്ടർ, ഏരിയ അടിസ്ഥാനത്തിൽ നടന്ന വിളവെടുപ്പ് ഉത്സവ റാലിയോടെയായിരുന്നു ആഘോഷം. പൊതുസമ്മേളനം മലങ്കര കത്തോലിക്കാ സഭയുടെ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു.
കെഎംആർഎം പ്രസിഡന്റ് ബാബുജി ബത്തേരി, റവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ, മലങ്കര കത്തോലിക്കാ സഭ ജിസിസി കോർഡിനേറ്റർ കോറെപ്പിസ്കോപ്പ റവ. ജോൺ തുണ്ടിയത്ത്, റവ. ഡോ. ടൈറ്റസ് ജോൺ ചേരാവള്ളിൽ ഒ.ഐ.സി, റവ. ഫാ. സേവേറിയോസ് തോമസ്, ജോജിമോൻ തോമസ്, ജോയൽ ജേക്കബ്, ജോജി വർഗീസ് വെള്ളാപ്പള്ളി, ഷാരോൺ തരകൻ, ജോസ് വർഗീസ്, ഷിനു എം.ജോസഫ്, ജിൽട്ടോ ജയിംസ്, ബിന്ദു മനോജ്, ലിജു പാറക്കൽ, ബിനു കെ. ജോൺ, റാണ വർഗീസ് എന്നിവർ പ്രസംഗിച്ചു.
അംഗങ്ങളിൽ 70 വയസ്സ് പൂർത്തിയാക്കിയ തോമസ് പട്ടിയാനിക്കൽ, ഗീവർഗീസ് മാത്യു എന്നിവരെ സപ്തതി പട്ടം നൽകി ആദരിച്ചു. വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്യുന്ന അംഗങ്ങൾക്കും കലാമത്സരങ്ങളിൽ ഓവറോൾ ചാംപ്യന്മാരായ അഹമ്മദി ഏരിയയ്‌ക്കും, ഇവാനിയ സീസൺ 10 വിജയികൾക്കും 10, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മെറിൻ ഏബ്രഹാം, നിയ ആൻ സാം എന്നിവർക്കും ഉപഹാരം സമ്മാനിച്ചു.
ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സ്മരണിക സുവനീർ കമ്മിറ്റി കൺവീനർ ഷാമോൻ ജേക്കബ് കാതോലിക്കാ ബാവായ്ക്കു നൽകി പ്രകാശനം ചെയ്തു. എ.ഇ. മാത്യു, ഡിനോ ജോൺ തോമസ് എന്നിവർ വരച്ച കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ ഛായാചിത്രം സമ്മാനിച്ചു.