സ്വകാര്യ സ്കൂളുകൾക്ക് അഡെക്കിന്റെ നിർദേശം; 15 ശതമാനത്തിലേറെ ഫീസ് വർധന വേണ്ട
Mail This Article
അബുദാബി ∙ അസാധാരണ സാഹചര്യങ്ങളിൽ പോലും സ്വകാര്യ സ്കൂളുകൾ 15 ശതമാനത്തിൽ കൂടുതൽ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) കർശന നിർദേശം നൽകി. എമിറേറ്റിലെ വിദ്യാഭ്യാസച്ചെലവ് സൂചിക അടിസ്ഥാനമാക്കിയായിരിക്കും ട്യൂഷൻ ഫീസ് വർധനയ്ക്ക് അനുമതി നൽകുക. ഫീസ് വർധനാ അപേക്ഷകൾ സ്വീകരിക്കാനോ നിരസിക്കാനോ അഡെക്കിന് അധികാരമുണ്ടായിരിക്കും.
3 വർഷമായി പ്രവർത്തിക്കുന്ന സ്കൂളായിരിക്കണം, കഴിഞ്ഞ 2 വർഷത്തിനിടെ സാമ്പത്തിക നഷ്ടമുണ്ടായതായി കാണിക്കുന്ന ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കണം, സാധുവായ ലൈസൻസുള്ളതും 80% കുട്ടികൾ പഠിക്കുന്നതുമായ സ്കൂളായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകൾ.
ട്യൂഷൻ ഫീസ്, എജ്യുക്കേഷനൽ റിസോഴ്സ് ഫീസ്, യൂണിഫോം, ട്രാൻസ്പോർട്ടേഷൻ, എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റി, മറ്റ് ഫീസുകൾ എന്നിങ്ങനെ ഫീസിനെ 6 വിഭാഗങ്ങളായി തിരിച്ചിരിക്കണം. ബോർഡ് എക്‌സാമിനായി സ്കൂളുകൾക്ക് അഡ്മിനിസ്ട്രേറ്റീവ് ഫീസ് ഈടാക്കാം. രേഖകളുടെ പൂർത്തീകരണം, മേൽനോട്ടം, മെയിലിങ് തുടങ്ങിയ ചെലവുകൾക്കു ആനുപാതികമായിരിക്കണം ഈ തുക. എംബസികളിൽ അഫിലിയേറ്റ് ചെയ്ത സ്കൂളുകളിലെ ഫീസ് വർധനയ്ക്ക് എംബസിയുടെ അനുമതി കൂടി അഡെക്കിൽ സമർപ്പിക്കണം. തക്കതായ കാരണങ്ങൾ ഇല്ലാതെ ഫീസ് വർധിപ്പിക്കരുത്. ഫീസ് ഈടാക്കുന്ന സമയപ്പട്ടിക വെബ്സൈറ്റിൽ പ്രദർശിപ്പിക്കുകയും മാതാപിതാക്കളുമായി കരാറിൽ ഏർപ്പെടുകയും വേണം. ജീവനക്കാരുടെ മക്കളെ സ്കൂളിൽ ചേർക്കുന്നതിന് ഇളവുണ്ടെങ്കിൽ അക്കാര്യം അവരുടെ തൊഴിൽ കരാറിൽ രേഖപ്പെടുത്തണം.
തരംതിരിച്ച് അനുമതി
അഡെകിന്റെ സ്കൂൾ നിലവാര പരിശോധനയുടെ അടിസ്ഥാനത്തിലാണ് സാധാരണ ഫീസ് വർധനയ്ക്ക് അനുമതി നൽകുക. നിലവാരം അനുസരിച്ച് ഔട്ട്‌സ്റ്റാൻഡിങ്, വെരി ഗുഡ്, ഗുഡ്, ആക്സപ്റ്റബിൾ, വീക്ക്, വെരി വീക്ക് എന്നിങ്ങനെ തരംതിരിച്ച് അതിന് ആനുപാതികമായാണ് ഫീസ് വർധന അനുവദിക്കുക.
റേറ്റിങ് ഇങ്ങനെ
∙ ഔട്ട്‌സ്റ്റാൻഡിങ്- ട്യൂഷൻ ഫീസിന്റെ 3.94% വരെ.
∙ വെരി ഗുഡ്- ട്യൂഷൻ ഫീസിന്റെ 3.38% വരെ
∙ ഗുഡ്- ട്യൂഷൻ ഫീസിന്റെ 2.81% വരെ
∙ ആക്‌സപ്റ്റബിൾ, വീക്ക്, വെരി വീക്ക്– പരമാവധി 2.25%