യുഎഇയിൽ കുത്തനെ കുറഞ്ഞ് മത്സ്യവില; മാസങ്ങളായി ക്ഷാമം നേരിട്ട വലിയ മത്തിയും എത്തി
Mail This Article
അബുദാബി ∙ യുഎഇയിൽ മത്സ്യവില കുത്തനെ കുറഞ്ഞു. തണുപ്പുകാലമായതും നിയന്ത്രണം നീക്കിയതും മത്സ്യലഭ്യത കൂടാൻ ഇടയാക്കിയതോടെയാണ് വില കുറഞ്ഞത്. ഒമാൻ ഉൾപ്പെടെ വിദേശത്തുനിന്ന് കൂടുതൽ മത്സ്യം എത്തുന്നുണ്ട്. മാസങ്ങളായി ക്ഷാമം നേരിട്ട വലിയ മത്തിയും വിപണിയിലെത്തി. കിലോയ്ക്ക് 7.50 ദിർഹമാണ് വില.
നേരത്തേ 65 ദിർഹം വരെ ഉയർന്ന അയക്കൂറയ്ക്ക് (കിങ് ഫിഷ്) വില 15 ദിർഹമായി കുറഞ്ഞു. വാരാന്ത്യ ഓഫറിന്റെ ഭാഗമായാണ് ഈ നിരക്കിൽ അയക്കൂറ ലഭിക്കുന്നത്. നേരത്തേ 35 ദിർഹം വരെ ഉയർന്ന വലിയ കൂന്തൾ ഇപ്പോൾ 12 ദിർഹത്തിന് ലഭിക്കും. 30 ദിർഹമായിരുന്ന ചെമ്മീന്റെ വിലയും 19 ദിർഹമായി കുറഞ്ഞു. നൈസർ കിലോയ്ക്ക് 5 ദിർഹം, ചൂര (ടൂണ) 9, അയല 11, കിളിമീൻ (സുൽത്താൻ ഇബ്രാഹിം) 11, തളയൻ (ബെൽറ്റ് ഫിഷ്) 11, തിലാപ്പിയ 11, ജെഷ് 11, റൂഹ് 11.50, കളാഞ്ചി 17 എന്നിങ്ങനെയാണ് വില.
താമസകേന്ദ്രങ്ങളോടു ചേർന്നു പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയിലാണ് കുറഞ്ഞ നിരക്കിൽ മത്സ്യം ലഭ്യമാക്കുന്നത്. അതേസമയം, തണുപ്പുകാലമായതോടെ ചൂണ്ടയിട്ട് മീൻപിടിക്കുന്ന മലയാളികളുടെ എണ്ണവും കൂടി. ലൈസൻസ് എടുത്ത് നിയമവിധേയമായാണ് മിക്കവരും ചൂണ്ടയിടുന്നത്.