ദുബായിൽ ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരിക്ക് പ്രവാസികളുടെ സഹായഹസ്തം, അരലക്ഷം രൂപ സഹായവുമായി മലയാളി ബിസിനസുകാരൻ
Mail This Article
ദുബായ് ∙ ഇരുകാലുകളും വളയുന്ന മസിൽ ഡിസോർഡർ രോഗം ബാധിച്ചതിനെ തുടർന്ന് ദുരിതത്തിലായ മലയാളി വീട്ടുജോലിക്കാരി രമ നാട്ടിലേയ്ക്ക് മടങ്ങി. വർഷങ്ങളോളം ദുബായിൽ വിവിധയിടങ്ങളിൽ വീട്ടുജോലി ചെയ്ത് കുടുംബം പുലർത്തിയ അവിവാഹിതയായ ഈ 46കാരി ഇരുകാലുകളേയും ബാധിച്ച രോഗത്തെ തുടർന്നാണ് സ്വന്തം നാടായ ആലപ്പുഴയിലേയ്ക്ക് മടങ്ങിയത്. വൈകാതെ ആലപ്പുഴ മെഡിക്കൽ മിഷൻ ആശുപത്രിയിൽ രമ ചികിത്സതേടും.
കാലിന് ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ധ ചികിത്സയാണ് രമയ്ക്ക് ആവശ്യമെന്ന് ഡോ.സതീഷ് കുമാർ വ്യക്തമാക്കിയിരുന്നു. അഭിഭാഷകയായ പ്രീത ശ്രീറാം മാധവിന്റെ നേതൃത്വത്തിൽ വിസിസി ഭാരവാഹികളായ ഗിരീഷ്, വിനോദ്, ഹരികൃഷ്ണൻ തുടങ്ങിയ സാമൂഹിക പ്രവർത്തകരുടെ ശ്രമമാണ് ഇവരെ നാട്ടിലേയ്ക്ക് പോകാനുള്ള വഴിയൊരുക്കിയത്. രമയെക്കുറിച്ചുള്ള മനോരമ ഒാൺലൈൻ വാർത്തയെ തുടർന്ന് അബുദാബിയിലെ മലയാളി ബിസിനസുകാരൻ അരലക്ഷം രൂപ നൽകിയതടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായം ലഭിച്ചുകൊണ്ടിരിക്കുന്നു.
രമയുടെ അച്ഛൻ കൂലിപ്പണിക്കാരനായിരുന്നു. അമ്മയും രമയടക്കം 3 സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്നതായിരുന്നു കുടുംബം. രണ്ടാമത്തെ മകളാണ് രമ. ഇവർ പത്താം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചു. പിന്നീട് കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കേണ്ടി വന്ന രമ 2018 ൽ ജോലി തേടി യുഎഇയിലെത്തി. കാര്യമായ വിദ്യാഭ്യാസമില്ലാത്തതിനാൽ വീട്ടുജോലിയാണ് ലഭിച്ചത്. അത് സന്തോഷത്തോടെ ചെയ്തു.
മൂത്ത സഹോദരിയുടെയും ഇളയ 2 സഹോദരിമാരുടെയും വിവാഹം ഭംഗിയായി നടത്തിക്കൊടുത്തു. കുറച്ച് കടബാധ്യതകൾ വന്നു. അതെല്ലാം ജോലി ചെയ്തു വീട്ടിക്കൊണ്ടിരിക്കെയാണ് കാലുകൾക്ക് മസിൽ ഡിസോർഡർ ബാധിച്ചത്. പ്രമേഹം കൂടിയുണ്ടായിരുന്നതിനാൽ കാൽപാദം എന്തോ തട്ടി മുറിഞ്ഞപ്പോൾ ഉണങ്ങാതെ പഴുത്തു വ്രണമായി. ഇതേ തുടർന്ന് ജോലി ചെയ്യാൻ ഒട്ടും വയ്യാതായപ്പോൾ ചികിത്സയ്ക്കായി 2023ൽ നാട്ടിലേയ്ക്ക് പോയി.
പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഡോ.സതീഷ് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സ. കാലിന് ശസ്ത്രക്രിയക്ക് അടക്കം വലിയ തുക വേണ്ടിവന്നു. പലരിൽ നിന്നും കടം വാങ്ങിയായിരുന്നു ആശുപത്രി ബില്ലടച്ചത്. ഇൗ കടങ്ങൾ ഇപ്പോഴും വീട്ടാനുണ്ട്. ഇതിനിടെ ഏകസഹാദരൻ അപകടത്തിൽ മരിച്ചത് വലിയ ആഘാതമായി. ജീവിതം വഴിമുട്ടി നിത്യവൃത്തിക്ക് പോലും പണമില്ലാതായി. പ്രായമായ അമ്മയെ ദുരിതത്തിലാക്കാൻ കഴിയാത്തതിനാൽ രോഗം ഇത്തിരി ഭേദമായപ്പോൾ വീണ്ടും ഇൗ വർഷം മേയിൽ യുഎഇയിൽ തിരിച്ചെത്തി.
ഉത്തരേന്ത്യൻ കുടുംബത്തിന്റെ ഫ്ലാറ്റിൽ വീട്ടുജോലി ചെയ്തുവരവേ, രോഗം വീണ്ടും മൂർച്ഛിച്ചതോടെ നാട്ടിലേയ്ക്ക് മടങ്ങുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ചികിത്സ ലഭിച്ചാലും അടുത്ത ഒരു വർഷത്തേയ്ക്കെങ്കിലും രമയ്ക്ക് ജോലി ചെയ്യാൻ സാധിക്കില്ല. ഇതോടെ 82 വയസുള്ള അമ്മയുടെയും രമയുടെയും ജീവിതം എങ്ങനെ മുന്നോട്ടുപോകും എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. നിരാലംബരായ ഇവരെ സഹായിക്കേണ്ടത് ഇനിയും കാരുണ്യം വറ്റിയിട്ടില്ലാത്ത സമൂഹമാണ്.
രമയുടെ മാതാവിന്റെ ഫോൺ: +91 89438 42691.
രമയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ:
NAME: REMA A
BANK: FEDERAL BANK
BRANCH: MUTTOM
ACCOUNT NUMBER: 13100100111676
IFSC: FDRL0001310