‘ഗൾഫ് രാജ്യങ്ങൾ അസമത്വങ്ങളെ ഇല്ലാതാക്കുന്ന രാഷ്ട്രീയ ഇടനാഴി’
Mail This Article
ദുബായ് ∙ വിദ്യാഭ്യാസം, ഊർജം, വ്യാപാരം, യാത്രാ സൗകര്യങ്ങൾ ഉൾപ്പടെയുള്ള നിർണായക രംഗങ്ങളിൽ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായി യുഎഇയും മറ്റു ഗൾഫ് രാജ്യങ്ങളും മാറിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ.
ലോകത്തിന്റെ അസമത്വങ്ങളെ ഇല്ലാതാക്കുന്ന രാഷ്ട്രീയ ഇടനാഴിയായി ഗൾഫ് രാജ്യങ്ങൾ മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായി ചേർന്ന് സിംബയോസിസ് രാജ്യാന്തര യൂണിവേഴ്സിറ്റി ദുബായിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിംബയോസിസിന്റെ വരവോടെ ഇന്ത്യൻ കോളജ് വിദ്യാഭ്യാസം രാജ്യാന്തരതലത്തിൽ പുതിയ ഘട്ടം പിന്നിടുകയാണ്. ആഗോള പാഠശാലയായി ഇന്ത്യ മാറുകയാണ്.
സിംബയോസിസ് യൂണിവേഴ്സിറ്റിയുടെ ഉദ്ഘാടനത്തോടെ വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യ–യുഎഇ സഹകരണം മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, തീവ്രവാദവും തട്ടിക്കൊണ്ടുപോകലും ഏതൊരു സാഹചര്യത്തിലും ന്യായീകരിക്കാൻ പാടില്ല. ദ്വിരാഷ്ട്ര വാദത്തെയാണ് ഇന്ത്യ പിന്തുണയ്ക്കുന്നത്. പലസ്തീനും ഇസ്രയേലും രണ്ടു രാജ്യങ്ങളായി സഹവർത്തിത്വത്തോടെ നിലനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.