ചൂരൽമലയ്ക്കായി ദുരിതങ്ങൾ മറന്ന് ശ്രുതി ഷാർജ പുസ്തകമേളയിൽ
Mail This Article
ഷാർജ ∙ ചൂരൽമല – മുണ്ടക്കൈ ഉരുൾപ്പൊട്ടലിന്റെ നടക്കുന്ന ഓർമകളും വാഹനാപകടത്തിന്റെ തീരാവേദനകളും മറികടന്ന് കേരളത്തിന്റെ സ്വന്തം പുത്രി ശ്രുതി ഷാർജ രാജ്യാന്തര പുസ്തകോത്സവ വേദിയിൽ എത്തി. ഡോ. താഹിറ കല്ലുമുറിക്കൽ എഴുതിയ ഇന്തധാർ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനാണ് ശ്രുതി എത്തിയത്. ശ്രുതിയുടെ ജീവിതത്തിലെ ആദ്യ വിദേശയാത്രയായിരുന്നു. ഇന്തധാർ പ്രണയ കഥയാണ്.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ബന്ധുക്കളെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്തധാർ പ്രകാശനം ചെയ്തതു ചൂരൽമലയുടെ വീണ്ടെടുപ്പിനു വേണ്ടിക്കൂടിയാണ്.
ആദ്യപ്രതി ഡോ. വിനി ദേവയാനി ഏറ്റുവാങ്ങി. പുസ്തകത്തിന്റെ വരുമാനം ദുരിതാശ്വാസത്തിനു നൽകുന്നതിനു പുറമെ ഡൊണേറ്റ് എ ബുക്ക് എന്ന പദ്ധതിക്കു കൂടി ഈ വേദിയിൽ തുടക്കമായി. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ സംഭാവന ചെയ്യാം. അങ്ങനെ ലഭിക്കുന്ന പുസ്തകങ്ങളെല്ലാം ചൂരൽമലയിലെ വായനശാലയ്ക്ക് നൽകും. പ്രകൃതി ദുരന്തത്തിൽ തകർന്നുപോയ ഒരു പ്രദേശത്തെ വായനയിലൂടെ തിരികെ കൊണ്ടുവരിക എന്നൊരു ദൗത്യം കൂടിയാണ് ഇവർക്കുള്ളത്.
കൈരളി പബ്ലിക്കേഷൻസാണ് പ്രസാധകർ. ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൽ കൈരളി പബ്ലിക്കേഷന്റെ സ്റ്റാളിലെ ബോക്സിലാണ് പുസ്തകങ്ങൾ നിക്ഷേപിക്കേണ്ടത്. പുസ്തകമേളയ്ക്കു ശേഷം ഇവചൂരൽ മലയിലേക്കു കൊണ്ടുപോകും. ഡൊണേറ്റ് എ ബുക്ക് പദ്ധതി ഡോ. എസ്.എസ്. ലാൽ ഉദ്ഘാടനം െചയ്തു.