പൊതുമാപ്പ്: ഡിസംബർ 31 വരെ കാത്തിരിക്കരുത്, വിമാന നിരക്ക് ഉയരും മുൻപ് രാജ്യം വിടണം
Mail This Article
ദുബായ് ∙ യുഎഇയിലെ അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനുള്ള അവസാന അവസരമാണ് പൊതുമാപ്പെന്നും തൊഴിൽ, താമസ രേഖകൾ നിയമാനുസൃതമാക്കാൻ ഡിസംബർ 31 വരെ കാത്തു നിൽക്കരുതെന്നും ഓർമിപ്പിച്ച് ദുബായ് താമസ കുടിയേറ്റ വകുപ്പ്. അടുത്തമാസം വരെ കാത്തിരുന്നാൽ വിമാന ടിക്കറ്റ് നിരക്ക് ഉയരും. പൊതുമാപ്പ് ലഭിച്ചാലും നാട്ടിൽ പോകാനാകാത്ത സാഹചര്യം ഉണ്ടാകും. അടുത്ത മാസം രണ്ടാമത്തെ ആഴ്ചയോടെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയാകും. നാട്ടിലേക്കു പോകേണ്ടവർ എത്രയും വേഗം രേഖകൾ ശരിയാക്കി പൊതുമാപ്പ് നേടണമെന്നും ജിഡിആർഎഫ്എ മുന്നറിയിപ്പ് നൽകി.
എക്സിറ്റ് പാസിന്റെ കാലാവധി പൊതുമാപ്പ് കഴിയുന്നതോടെ അവസാനിക്കും. ഇപ്പോൾ എക്സിറ്റ് പാസ് ലഭിച്ചവർക്ക് ജോലി ലഭിക്കുകയാണെങ്കിലും പാസിന്റെ കാലാവധി റദ്ദാക്കും. എക്സിറ്റ് പാസ് ലഭിച്ചവർക്ക് യുഎഇയിൽ ജോലി കണ്ടെത്താൻ സാധിക്കുന്നില്ലെങ്കിൽ സ്വന്തം നാട്ടിലേക്കു നിർബന്ധമായും മടങ്ങണം.
എന്നാൽ, പിന്നീട് ഇവർക്ക് വീസ ലഭിച്ചാൽ വിലക്കില്ലാതെ മടങ്ങിയെത്താൻ സാധിക്കും. വിവിധ രാജ്യങ്ങളുടെ കോൺസുലേറ്റുകളുമായി താമസകുടിയേറ്റ വകുപ്പ് ഇക്കാര്യത്തിൽ സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അനധികൃത താമസക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ കൂടിയാണിത്. ഇന്ത്യൻ കോൺസുലേറ്റിൽ ആഴ്ചയിൽ 5 ദിവസം സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഉച്ചയ്ക്കു 12 വരെയാണ് സഹായം കേന്ദ്രത്തിന്റെ പ്രവർത്തനം. ടൈപ്പിങ് സേവനം അടക്കം ഇവിടെ ലഭ്യമായ സാഹചര്യത്തിൽ ഇന്ത്യക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നു ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അഭ്യർഥിച്ചു. അനധികൃത താമസക്കാർക്ക് പിഴ കൂടാതെ രാജ്യം വിടാൻ 4 മാസത്തെ സാവകാശമാണ് യുഎഇ നൽകിയത്. ഒക്ടോബറിൽ പൊതുമാപ്പ് അവസാനിക്കാനിരിക്കെ തിരക്ക് പരിഗണിച്ചും കൂടുതൽ പേർ പൊതുമാപ്പിനായി കാത്തിരിക്കുന്ന സാഹചര്യത്തിലുമാണ് സമയം നീട്ടിയത്.