ഗ്രാമി അവാർഡിനരികെ തൃശൂർ സ്വദേശിനി; പ്രതീക്ഷയോടെ ഖത്തറിലെ പ്രവാസ സംഗീത ലോകം
Mail This Article
ദോഹ ∙ സംഗീത ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി അവാർഡിന്റെ പടിവാതിൽക്കൽ ഖത്തറിൽ നിന്നും ഒരു മലയാളി പെൺകുട്ടി. ഖത്തറിലെ ദീർഘകാല പ്രവാസിയായ തൃശൂർ അടിയാട്ടിൽ കരുണാകരമേനോന്റെയും ബിന്ദു കരുണാകരന്റെയും മകളായ ഗായത്രിയാണ് സംഗീത ലോകത്തെ ഈ നേട്ടം കൊയ്തെടുക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
2025 ലെ ഗ്രാമി അവാർഡിൽ ആൽബം ഓഫ് ദി ഇയർ ബെസ്റ്റ് ഡാൻസ്/ ഇലക്ട്രോണിക് വിഭാഗത്തിൽ പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച ലോകപ്രശസ്ത സംഗീതജ്ഞൻ സൈദിന്റെ 'ടെലോസ്' ആൽബത്തിലൂടെയാണ് ഗായത്രി മേനോൻ അവാർഡിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
2025 ഫെബ്രുവരി രണ്ടിന് ലൊസാഞ്ചലസിൽ നടക്കുന്ന 67-ാമത് ഗ്രാമി അവാർഡിൽ ആൽബം ഓഫ് ദ ഇയർ എന്ന് കാറ്റഗറിയിൽ മത്സരിക്കുന്ന അഞ്ചു ആൽബങ്ങളിൽ ഒന്നാണ് 'ടെലോസ്'. പത്തോളം ഗാനങ്ങൾ ഉൾക്കൊള്ളുന്ന ടെലോസിലെ 'ഔട്ട് ഓഫ് ടൈം', ടാൻജെറിൻ റൈസ് എന്നീ ഗാനങ്ങൾ ഗായത്രി ഉള്‍പ്പെടെ അഞ്ച് പേരാണ് എഴുതി ചിട്ടപ്പെടുത്തിയത്.
രണ്ട് ഗാനങ്ങളാണ് അവാർഡിനായി പരിഗണിക്കുന്നത്. ഈ വർഷം ജൂണിലാണ് ഈ ഗാനസമാഹാരം പുറത്തിറങ്ങിയത്. ദിവസങ്ങൾക്കകം സംഗീതലോകത്ത് ഹിറ്റായി മാറിയ ഔട്ട് ഓഫ് ടൈം, ടാൻജെറിൻ റൈസ് എന്നീ ഗാനങ്ങൾ ഇപ്പോൾ ഗ്രാമി അവാർഡ് പട്ടികയിലും ഇടം പിടിച്ചിരിക്കുകയാണ്.
ചെറുപ്രായത്തിൽ തന്നെ ദോഹയിലെ സ്റ്റേജുകളിൽ നിറഞ്ഞുനിന്നിരുന്ന ഗായത്രി ദോഹയിലെ ബിർള പബ്ലിക് സ്കൂളിലാണ് പഠനം നടത്തിയത്. സംഗീതമാണ് തന്റെ വഴിയെന്നു തിരിച്ചറിഞ്ഞ ഗായത്രി പിന്നീട് ആന്ധ്രപ്രദേശിലെ പീപാൽ ഗ്രോവ് സ്കൂളിൽ നിന്ന് പ്ലസ് ടു പൂർത്തിയാക്കുകയും സംഗീത പഠനത്തിന്റെ ഈറ്റില്ലമായ അമേരിക്കയിലെ പ്രശസ്തമായ ബിർക്ലി കോളജ് ഓഫ് മ്യൂസിക്കിൽ ബിരുദ പഠനത്തിനായി ചേർന്നു. പാരമ്പര്യമായി തന്നെ സംഗീതത്തിന്റെ തണലിൽ വളർന്നുവന്ന ഗായത്രി സ്കൂൾ കാലഘട്ടത്തിൽ ദോഹയിലെ വിവിധ വേദികളിൽ വിവിധ ഭാഷകളിൽ പാടിയും നിർത്തം ചെയ്തും ശ്രദ്ധ നേടിയിരുന്നു. ബിർള പബ്ലിക് സ്‌കൂളിൽ നിരവധി തവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ദോഹയിലെ സംഗീത വേദികളിൽ സജീവമായ പിതാവ് കരുണാകരമേനോന്റെയും പിതൃ സഹോദരി സംഗീതജ്ഞ ശോഭബാലമുരളിയെ കണ്ടുവളർന്ന ഗായത്രി മുന്നോട്ടുള്ള പ്രയാണത്തിൽ ആ വഴി തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ചെറുപ്രായത്തിൽ തന്നെ മകളുടെ സംഗീതരംഗത്ത് കഴിവ് തിരിച്ചറിഞ്ഞ പിതാവ് നിറഞ്ഞ പിന്തുണയോടെയാണ് മകളെ വളർത്തിയെടുത്തത്. പിതൃ സഹോദരി സംഗീതജ്ഞ ശോഭബാലമുരളിയും പുഷ്പപതി പൊയ്ത്തുകടവ്, വൈക്കം ജയചന്ദ്രൻ മാസ്റ്റർ എന്നിവർക്ക് കീഴിലായിരുന്നു ഗായത്രി സംഗീതം പഠിച്ചത്. കർണാട്ടികിന് പുറമെ വെസ്റ്റേൺ മ്യൂസിക്കും ചെറുപ്രായത്തിൽ തന്നെ അഭ്യസിച്ചിരുന്നു. കലാമണ്ഡലം സീമ, കലാമണ്ഡലം സിമി എന്നിവർക്ക് കീഴിൽ നൃത്തവും പഠിച്ചിരുന്നു. മകളുടെ സംഗീതരംഗത്തെ വളർച്ചയ്ക്ക് വേണ്ടി കുടുംബം നടത്തിയ ശ്രമങ്ങൾ വെറുതെയല്ല എന്ന അഭിമാനബോധത്തിലാണ് ഗായത്രിയുടെ കുടുംബം ഇപ്പോൾ. ഗൗരി കരുണാകര മേനോനാണ് സഹോദരി .
ഈ പുരസ്കാര നിർണയത്തിന്റെ നാളുകൾ എണ്ണി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഖത്തറിലെ പ്രവാസ സംഗീത ലോകം. പുരസ്കാരം നിർണയത്തിലെ പ്രധാന ഘട്ടമായ ഫൈനൽ റൗണ്ട് വോട്ടെടുപ്പ് ഡിസംബർ 12 ന് ആരംഭിച്ച് ജനുവരി മൂന്നുവരെ നീണ്ടുനിൽക്കും. സംഗീതജ്ഞർ, അക്കാദമി അംഗങ്ങൾ, നിർമാതാക്കൾ തുടങ്ങിയ ലോകത്തെ പ്രഗൽഭരായ കലാകാരന്മാർക്കാണ് ഫൈനൽ റൗണ്ട് വോട്ടെടുപ്പിൽ വോട്ടവകാശം ഉണ്ടാവുക. ഖത്തർ റസിഡന്റ് കൂടിയായ ഗായത്രി അടുത്തമാസം ഖത്തറിലെത്തുമെന്ന് പിതാവ് കരുണാകരമേനോൻ പറഞ്ഞു. ഖത്തറിൽ ബിസിനസ് രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന കരുണാകരണമേനോനും സംരംഭകൂടിയായ ഭാര്യ ബിന്ദു കരുണാകരനും കുടുംബവും ഏറെ പ്രതീക്ഷയോടെയാണ് 2025 ലെ ഗ്രാമി അവാർഡ് പ്രഖ്യാപന ദിനത്തിനായി കാത്തിരിക്കുന്നത്.