കുവൈത്തിൽ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു
Mail This Article
കുവൈത്ത് സിറ്റി ∙ രാജ്യത്തെ നിവാസികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം (എം.ഒ.എച്ച്) ഒരു ദേശീയ ആരോഗ്യ സര്‍വേ ആരംഭിച്ചു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഭാവിയിലെ ആരോഗ്യ നയങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായി രോഗ രീതികള്‍ മനസിലാക്കി ഡാറ്റാബേസ് തയാറാക്കാനുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, കുവൈത്ത് ജനസംഖ്യാശാസ്ത്രം, ജീവിതശൈലി, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയില്‍ ഗണ്യമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അമിതവണ്ണം, പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍ തുടങ്ങിയ വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങള്‍ തുടങ്ങിയവ എല്ലാം സ്വദേശികളുടെയും വിദേശികളുടെയും ജീവിത നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിവിധ പ്രാദേശിക ഏജന്‍സികളുമായി സഹകരിച്ചുള്ള പദ്ധതിക്ക് മന്ത്രിസഭ അടുത്തിടെ അംഗീകാരം നല്‍കിയിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് എം.ഒ.എച്ചിന്റെ സര്‍വേ.
സര്‍വേയുടെ ആദ്യ ഘട്ടം കഴിഞ്ഞ ദിവസം ആരംഭിച്ചതായി ഡോ. അല്‍ സനദ് അറിയിച്ചു. ആരോഗ്യ സര്‍വേ എല്ലാ പ്രായത്തിലുള്ള 12,000 ജനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. രാജ്യത്തുടനീളമുള്ള 8,000 വീടുകളില്‍ നിന്നാവും സര്‍വേ നടത്തുക.
സര്‍വേയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന് ഒരു അംഗീകൃത ആരോഗ്യ സംഘം വ്യക്തിപരമായി വീട് സന്ദര്‍ശിക്കും. ഒരു ഡോക്ടര്‍, നഴ്സ്, ഫീല്‍ഡ് റിസര്‍ച്ചര്‍ എന്നിവരടങ്ങുന്ന സംഘം സര്‍വേ നടത്തുകയും കുടുംബനാഥന്റെ സമ്മതത്തോടെ ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യും.
സര്‍വേ എങ്ങനെ പ്രവര്‍ത്തിക്കും
വീട്ടുടമസ്ഥന്റെ ഏകോപനത്തിനും അംഗീകാരത്തിനും ശേഷം സ്മാര്‍ട്ട് ഉപകരണങ്ങള്‍ ഉപയോഗിച്ച് സര്‍വേ നടത്തും. ഉയരം, ഭാരവും, ദന്തപരിശോധനകള്‍, രക്തസമ്മര്‍ദ്ദ പരിശോധനകള്‍, ശ്വസന പ്രവര്ത്തനപരിശോധനകള്, കൊളസ്ട്രോള്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് തുടങ്ങിയ ചില ലബോറട്ടറി പരിശോധനകള്‍ ഇതില്‍ ഉള്‍പ്പെടും. സര്‍വേയും പരിശോധനകളും രണ്ട് മണിക്കൂറില്‍ കൂടുതല്‍ എടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. 'കുവൈത്ത് ഹെല്‍ത്ത്' ആപ്പ് അല്ലെങ്കില്‍ 'സഹേല്‍' ആപ്പ് വഴി ഫലങ്ങള്‍ നല്‍കും.
സര്‍വേ നിര്‍ബന്ധമാണോ?
സര്‍വേയിലെ പങ്കാളിത്തം സ്വമേധയാ ഉള്ളതാണെങ്കിലും കുവൈത്തിലെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വിലപ്പെട്ട സംഭാവനയാണ് ഇതെന്ന് ഡോ. അല്‍ സനദ് ഊന്നിപ്പറഞ്ഞു. ശേഖരിച്ച ഡാറ്റ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ആസൂത്രണ-നയരൂപീകരണം ആരോഗ്യമേഖലയില്‍ ഒരുക്കും. സര്‍വേയില്‍ പങ്കെടുക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഫീല്‍ഡ് ടീമുകളുമായി സഹകരിക്കാനും സര്‍വേയില്‍ പങ്കെടുക്കാനും ഡോ. അല്‍ സനദ് എല്ലാ കുടുംബങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.