ADVERTISEMENT

ഷാർജ ∙ കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമാണെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. ക്ഷോഭിച്ചതുകൊണ്ടോ അട്ടഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും എന്നാൽ പ്രതികരണം കുറഞ്ഞുപോകുന്നുണ്ടോ എന്ന കാര്യത്തിൽ തനിക്കും സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ നടന്ന കാവ്യ സന്ധ്യയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കവിത മുദ്രാവാക്യ രീതിയിൽ എഴുതേണ്ട ഒന്നല്ല. സമൂഹ മാധ്യമങ്ങൾ ഉൾപ്പെടയുള്ള മാർഗങ്ങളിലൂടെ പ്രതികരിക്കാൻ ഇപ്പോൾ അവസരമുണ്ടെന്നും എഴുത്തിനെ ശ്രദ്ധിക്കുന്ന സമൂഹമല്ല ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു. പല കവിതകളും വരും കാലത്തേയ്ക്ക് കൂടിയാണ് എഴുതപ്പെടുന്നത്. ഉപരിപ്ലവമായി കാര്യങ്ങളെ കാണുന്ന രീതിയിലേക്ക് സ്ഥിതിഗതികൾ മാറി. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. 'ഇടുങ്ങിയ ആകാശം' എന്ന് പറയുമ്പോൾ മുകളിലേയ്ക്കാണ് നോക്കുന്നത്. മനസിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.

സത്യം അതേപടി പകർത്തിയാൽ പോലും കവിതയാവുന്ന കാലമാണിതെന്ന് കവി പി പി രാമചന്ദ്രൻ പറഞ്ഞു. അനുഭവം തന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണിൽ നിന്നെടുക്കുന്ന ഭസ്മം കൊണ്ട് കവിത ഉണ്ടാക്കാനാവില്ല. കാൽ വച്ച മണ്ണിൽ നിന്നാണ് കവിത ഉണ്ടാവുന്നതെന്നും കാവ്യസന്ധ്യയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

2014 ഇൽ ഡൽഹിയിൽ കവി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ കണ്ട അണ്ണാന്റെ തൊഴുകൈ നിൽപ് ഗുജറാത്ത് കലാപത്തിലെ കുത്തുബുദ്ദീൻ അൻസാരിയുടെ കൈകൂപ്പിയുള്ള നിൽപിനെയാണ് ഓർമിപ്പിച്ചത്. അങ്ങനെയാണ് 'തൊഴുകൈ' എന്ന കവിത എഴുതിയതെന്നും രാമചന്ദ്രൻ പറഞ്ഞു.

ചെറുപ്പം മുതൽ കവിതയോട് താത്പര്യമുണ്ടായിരുന്നുവെന്ന് റഫീഖ് അഹമ്മദ് പറഞ്ഞു. കവിതയില്ലെങ്കിൽ താൻ പറയുന്നതിന് പ്രസക്തിയില്ല. ദുർബലനും അശക്തനുമായ തനിക്ക് കവിത എഴുതുകയല്ലാതെ മറ്റൊന്നും ചെയ്യാനാകുമായിരുന്നില്ല. കവിത തന്നെ സംബന്ധിച്ച് ആരെയും രസിപ്പിക്കാൻ വേണ്ടിയുള്ളതല്ല, ആത്മഭാഷണത്തിന്റെ ഭാഗമാണ്. രസിപ്പിക്കാൻ വേണ്ടി പാട്ടുകൾ എഴുതുന്നുണ്ട്. നാട്ടിൽ ഇപ്പോൾ മഴയെക്കുറിച്ച് പറഞ്ഞാൽ അടി കിട്ടുന്ന അവസ്ഥയാണ്. പ്രളയവും ഋതുഭേദങ്ങൾ മറികടന്നുള്ള പെയ്‌ത്തും മഴയുടെ മുഴുവൻ കാൽപനിക ഭാവങ്ങളെയും സൗന്ദര്യത്തെയും നഷ്ടപ്പെടുത്തി. മഴയെ ആളുകൾ ഭയത്തോടെ കാണാൻ തുടങ്ങി. കവി, അധ്യാപകൻ എന്നതിനപ്പുറം വര, വെബ് പബ്ലിഷിങ് തുടങ്ങിയ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്ന് പി പി രാമചന്ദ്രൻ പറഞ്ഞു. ഞാൻ വർണാന്ധനായതുകൊണ്ട് കറുപ്പും വെളുപ്പും നിറങ്ങളിൽ മാത്രമാണ് വരക്കാറുള്ളത്. ജീവിക്കാനുള്ള സാമർഥ്യമില്ലാത്തവൻ എന്ന പേരുദോഷം കവികൾക്കുണ്ട്. എന്നാൽ താൻ അത്ര മോശക്കാരനല്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ വിവർത്തനം ചെയ്യാറില്ല. കവിതയെ തന്റെ കൂടി ഭാഗമാക്കുന്നതിനാണ് വിവർത്തനം. 

റഫീഖ് അഹമ്മദുമായുള്ള ആഴമേറിയ സൗഹൃദത്തെക്കുറിച്ചുള്ള 'ഒരു മുറുക്കാൻ പൊതിയുടെ ഓർമയ്ക്ക്' എന്ന കവിത പി. പി. രാമചന്ദ്രൻ ചൊല്ലി. ഇത് കൂടാതെ ഒരുവൾ, പച്ച നീല ചുവപ്പ്, പട്ടാമ്പി പുഴമണൽ എന്നീ കവിതകളും രാമചന്ദ്രൻ ചൊല്ലി. തോറ്റ കുട്ടി എന്ന കവിതയാണ് റഫീഖ് അഹമ്മദ് ചൊല്ലിയത്.

റഫീഖിന്റെ 'മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന' എന്നു തുടങ്ങുന്ന ഗാനം റിഷികയും 'മരണമെത്തുന്ന നേരത്ത്' എന്ന ഗാനം അനിരുദ്ധും പി. പി. രാമചന്ദ്രന്റെ 'ലളിതം' എന്ന കവിത മനീഷിക മധുവും ആലപിച്ചു. മാധ്യമ പ്രവർത്തകൻ ഷാബു കിളിത്തട്ടിൽ മോഡറേറ്ററായിരുന്നു.

English Summary:

Rafeeq Ahammed at Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com