നെയ്മാർ അൽ ഹിലാലിൽ തുടരുമോ?; ‘സാന്റോസിലേക്കുള്ള മടക്കം’, നിലപാട് വ്യക്തമാക്കി വക്താവ്
Mail This Article
റിയാദ് ∙ ബ്രസീലിന്റെ ലോകസൂപ്പർ താരം നെയ്മാറിന്റെ സൗദി ക്ലബിലെ ട്രാൻസ്ഫറിനെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങൾക്കെതിരെ താരത്തിന്റ് വക്താവ് രംഗത്ത്. സൗദി ക്ലബ് അൽ ഹിലാലിനു വേണ്ടി കളിക്കുന്ന സൂപ്പർതാരത്തെ പറ്റി പരക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്നു പ്രതികരിച്ച് താരത്തിന്റെ വക്താവ് പിനി സഹവിയാണ് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ കുറെ ദിവസങ്ങളായി നെയ്മാർ സൗദി അൽഹിലാലുമായുള്ള കരാർ അവസാനിപ്പിക്കുന്നതായും താരത്തിന്റെ പഴയ ക്ലബ് സാന്റോസിലെക്കു തന്നെ മടങ്ങുന്നതായുമാണ് വ്യാപകമായി സാമൂഹിക മാധ്യമങ്ങളിൽ പരന്നത്. അൽ ഹിലാൽ വിടുമെന്ന മട്ടിൽ പരക്കുന്ന വാർത്തകളിൽ കഴമ്പില്ലെന്നും നെയ്മാർ അൽഹിലാൽ വിടുന്നില്ലെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത് . നെയ്മാർ സൗദി ക്ലബിന്റെ കരാറിലാണ് നിലവിലെന്നും അത് തുടരുന്നതിൽ അതീവ സംതൃപ്തനും സന്തോഷവാനുമാണെന്ന് വക്താവ് അറിയിച്ചു.
അടുത്തിടെയായി നെയ്മാറിനെ ചുറ്റി പരക്കുന്ന സത്യമല്ലാത്ത ഇത്തരം കിംവദന്തികളെ പറ്റി തനിക്ക് അദ്ഭുതമാണ് തോന്നുന്നത്. നെയ്മാറിന്റെ പിതാവിനും വക്താവായ തനിക്കും മാത്രമാണ് ഈകാര്യങ്ങളെകുറിച്ച് സ്ഥിരീകരിക്കാൻ അവകാശമുള്ളുവെന്നും വക്താവ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. പരുക്കിനെ തുടർന്ന് 13 മാസത്തോളമായി വിശ്രമത്തിലായിരുന്ന നെയ്മാർ കഴിഞ്ഞ നവംബർ 4ന് നടന്ന മത്സരത്തിൽ വീണ്ടും കളത്തിലിറങ്ങിയെങ്കിലും പരുക്ക് പറ്റി പുറത്ത് പോയിരുന്നു.
എഎഫ്സി ചാംപ്യൻസ് ലീഗിൽ ഇറാൻ ക്ലബിനെതിരായാണ് അൽഹിലാലിനു വേണ്ടി വീണ്ടും ബൂട്ടണിഞ്ഞത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ കളത്തിലിറങ്ങിയ നെയ്മാർ 30 മിനിറ്റിനു ശേഷം മസിലിനു പരുക്കേറ്റ് പുറത്തുപോവുകയായിരുന്നു. 2023 ഓഗസ്റ്റിലാണ് നെയ്മാർ സൗദി ക്ലബ് അൽഹിലാലുമായി കരാറിലെത്തുന്നത്. പിന്നീട് 5 മൽസരങ്ങളിൽ മാത്രമേ നെയ്മാറിന് അൽഹിലാലിനായി കളിക്കാനായുള്ളു. ഇടത് കാൽമുട്ടിനേറ്റ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. 32 കാരനായ നെയ്മാർ കഴിഞ്ഞ ജൂലൈ മുതലാണ് വീണ്ടും പരിശീലനത്തിന് ഇറങ്ങിയത്. സൗദിയിൽ തുടരുമെന്നെ നെയ്മാറിന്റെ ഏജന്റിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ സൂപ്പർതാരത്തിന്റെ സൗദിയിലെമ്പാടുമുള്ള ആരാധകരുടെ ആശങ്കയ്ക്കാണ് അറുതി വന്നത്.