ജനസാഗരമായി ഷാർജ രാജ്യാന്തര പുസ്തകമേള ശക്തി തെളിയിച്ച് എഴുത്തും വായനയും
Mail This Article
ഷാർജ ∙ വായനയും പുസ്തകങ്ങളും അക്ഷരങ്ങളും ആഘോഷമാക്കി ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിനു തിരശീല വീണു. പതിനായിരക്കണക്കിന് അക്ഷരപ്രേമികൾ ഒഴുകിയെത്തിയ മേളയിൽ സാന്നിധ്യം കൊണ്ടും പുസ്തകപ്രകാശനങ്ങൾകൊണ്ടും മലയാളികൾ മുന്നിട്ടു നിന്നു. എഴുനൂറോളം മലയാള പുസ്തകങ്ങളാണ് 12 ദിവസത്തെ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തത്. നൂറുകണക്കിനു പുതിയ എഴുത്തുകാരും ഇവിടെ പിറവിയെടുത്തു.
എഴുത്തും വായനയും തന്നെയാണ് ശക്തിയെന്നു വിളിച്ചു പറയുന്നതായിരുന്നു, പുസ്തകോത്സവ നാളുകൾ. ഒരു പുസ്തകത്തിൽ നിന്ന് തുടങ്ങാം എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം. വായനയിലേക്ക് ജനങ്ങളെ തിരികെ കൊണ്ടുവരുന്നതിനുള്ള ഉദ്യമത്തിൽ എല്ലാവരും പങ്കാളികളായി. എവിടെയും രാപകൽ ആഘോഷമായിരുന്നു. പാട്ടും, തമാശകളും, ഭക്ഷ്യമേളകളും എല്ലാം ചേർന്നൊരു പൂരമായിരുന്നു ഷാർജ എക്സ്പോ സെന്റർ. പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കാവ്യ സന്ധ്യയിൽ കവികളായ റഫീഖ് അഹമ്മദും പി.പി. രാമചന്ദ്രനും പങ്കെടുത്തു.
കേരളത്തിലെ വിഭാഗീയതക്കെതിരെയും സ്വേച്ഛാധിപത്യ പ്രവണതകൾക്കെതിരെയും ശബ്ദം ഉയർത്തുന്നത് എഴുത്തുകാർ മാത്രമെന്ന് കവി റഫീഖ് അഹമ്മദ് പറഞ്ഞു. പല കവിതകളും വരും കാലത്തേക്ക് കൂടിയാണ് എഴുതപ്പെടുന്നത്.
എന്നാൽ ഇപ്പോഴത്തെ എഴുത്തും പ്രതികരണവും പോരാ എന്ന അഭിപ്രായത്തോട് യോജിക്കുന്നു. കാര്യങ്ങൾ ഉപരിപ്ലവമായി കാണുന്നു. കവിതയെ ആരും ഗൗരവത്തിലെടുക്കുന്നില്ല. 'ഇടുങ്ങിയ ആകാശം' എന്ന് പറയുമ്പോൾ മുകളിലേക്കാണ് നോക്കുന്നത്. മനസിലേക്ക് ആരും നോക്കുന്നില്ലെന്നും റഫീഖ് അഹമ്മദ് വിമർശിച്ചു.
സത്യം അതേപടി പകർത്തിയാൽ പോലും കവിതയാവുന്ന കാലമാണിതെന്ന് കവി പി.പി. രാമചന്ദ്രൻ പറഞ്ഞു. അനുഭവം തന്നെയാണ് കവിതയുടെ ആദ്യ ഹേതുവും ബീജവും. വിണ്ണിൽ നിന്നെടുക്കുന്ന ഭസ്മം കൊണ്ട് കവിത ഉണ്ടാക്കാനാവില്ല, കാൽ വച്ച മണ്ണിൽ നിന്നാണ് കവിത ഉണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014ൽ ഡൽഹിയിൽ കവി സമ്മേളനത്തിൽ പങ്കെടുക്കാൻ പോയപ്പോൾ തൊഴുകയ്യോടെ നിൽക്കുന്ന ഒരു അണ്ണാനെ കണ്ടു. ആ നിൽപ് ഗുജറാത്തിലെ അൻസാരിയുടെ കൈകൂപ്പിയുള്ള നിൽപ്പിനെയാണ് ഓർമിപ്പിച്ചത്. അങ്ങനെയാണ് 'തൊഴുകൈ' എന്ന കവിത എഴുതിയതെന്നും രാമചന്ദ്രൻ പറഞ്ഞു.