ഇൻഫ്ലുവൻസ: കുട്ടികളിലും പ്രായമായവരിലും കൂടുതൽ, യുഎഇയിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണം കൂടി
Mail This Article
അബുദാബി ∙ ചൂടിൽനിന്ന് തണുപ്പിലേക്കു കടന്നതോടെ യുഎഇയിൽ പകർച്ചപ്പനി (ഇൻഫ്ലുവൻസ) ബാധിതരുടെ എണ്ണം കൂടി. പനി, ജലദോഷം, ചുമ, തുമ്മൽ, മൂക്കൊലിപ്പ്, ചെവിവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായി ഒട്ടേറെപ്പേരാണ് സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ദിവസേന എത്തുന്നത്. കുട്ടികളിലും പ്രായമായവരിലുമാണ് രോഗബാധ കൂടുതലായി കണ്ടുവരുന്നത്. അതിനാൽ, പകർച്ചപ്പനിക്കെതിരെ ഏവരും വാക്സീൻ എടുക്കണമെന്നും ആരോഗ്യവിദഗ്ധർ നിർദേശിച്ചു.
ശൈത്യകാലത്ത് പൊതുവേ കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറുവേദന, ഛർദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചികിത്സിച്ചു മാറ്റാവുന്നതാണ് പകർച്ചപ്പനി. കുട്ടികൾക്കു രോഗം പിടിപെട്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണം. ആസ്മ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവരും ഡോക്ടറുടെ സഹായം തേടണം.
∙ രോഗമുള്ള കുട്ടികളെ സ്കൂളിൽ വിടരുത്
പകർച്ചപ്പനിയുള്ള കുട്ടികളെ സ്കൂളുകളിലും നഴ്സറിയിലും വിടരുതെന്നും കുട്ടികളുടെ ആരോഗ്യത്തിനു മുൻഗണന നൽകാൻ രക്ഷിതാക്കളും സ്കൂൾ അധികൃതരും ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. അടച്ചിട്ട ക്ലാസ്മുറികളിൽ രോഗം പെട്ടെന്നു പകരാനിടയുണ്ടെന്നതിനാലാണ് നിയന്ത്രണം. ഇതുസംബന്ധിച്ച ബോധവൽക്കരണവും ആരോഗ്യമന്ത്രാലയം നടത്തുന്നുണ്ട്.
∙ ഫ്ലൂ വാക്സീൻ 6 മാസം മുതൽ
6 മാസം മുതലുള്ള കുട്ടികൾക്ക് ഫ്ലൂ വാക്സീൻ നൽകാം. മുൻപ് വാക്സീൻ എടുക്കാത്ത 9 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആദ്യ വർഷം ഒരു മാസത്തെ ഇടവേളയിൽ 2 ഡോസ് വീതം ഫ്ലൂ വാക്സീൻ നൽകണം. 9 വയസ്സിന് മുകളിലുള്ളവർക്ക് വർഷത്തിൽ ഒരു ഡോസ് മതി. സർക്കാർ, സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഫ്ലൂ വാക്സീൻ ലഭിക്കും. 18 വയസ്സിനു മുകളിലുള്ളവർക്കു തിരഞ്ഞെടുത്ത ഫാർമസികളിൽ നിന്നും വാക്സീൻ ലഭിക്കും.
∙ സൗജന്യ വാക്സീൻ 5നു താഴെ, 50നു മുകളിൽ
ഗർഭിണികൾ, 50 വയസ്സിനു മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, 5 വയസ്സിൽ താഴെയുള്ളവർ, ആരോഗ്യ പ്രവർത്തകർ, കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ എന്നീ വിഭാഗക്കാർക്ക് ഫ്ലൂ വാക്സീൻ സൗജന്യമായി ലഭിക്കും. മറ്റു വിഭാഗക്കാർ 50 ദിർഹം നൽകണം. അബുദാബി സെന്റർ ഫോർ പബ്ലിക് ഹെൽത്ത്, ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ), ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് അബുദാബി എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബറിൽ ആരംഭിച്ച വാക്സീൻ ക്യാംപെയ്ൻ ഡിസംബർ വരെ തുടരും.
∙ വേണം മുൻകരുതൽ
ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, മാസ്ക് ധരിക്കുക, രോഗമുള്ളവർ സ്കൂളിലും ഓഫിസിലും പോകാതിരിക്കുക, സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നിവ വഴി രോഗം പടരുന്നത് തടയാനാകുമെന്ന് അബുദാബി മുസഫ എൽഎൽഎച്ച് ആശുപത്രിയിലെ ശ്വാസകോശരോഗ വിദഗ്ധൻ ഡോ.സജീവ് എസ്.നായർ പറഞ്ഞു. രോഗികൾ തണുത്ത ഭക്ഷണം പൂർണമായും ഒഴിവാക്കണം. മതിയായ അളവിൽ ആഹാരം കഴിക്കുകയും വെള്ളം കുടിക്കുകയും കൃത്യമായി മരുന്ന് കഴിക്കുകയും വേണം.