കാർഗിൽ യുദ്ധം അവസാനിച്ചത് അമേരിക്കയുമായി നടത്തിയ നയതന്ത്ര നീക്കത്തിന്റെ ഫലം: ടി. പി. ശ്രീനിവാസൻ
Mail This Article
ഷാർജ ∙ ഇന്ത്യൻ സൈനികരുടെ പോരാട്ട വീര്യം ഉജ്വലമായിരുന്നെങ്കിലും പാക്കിസ്ഥാനുമായുള്ള കാർഗിൽ യുദ്ധം അവസാനിച്ചത് അമേരിക്കയുമായി നടത്തിയ നയതന്ത്ര നീക്കത്തിന്റെ ഫലമായിട്ടാണെന്ന് മുൻ നയതന്ത്രജ്ഞൻ ടി. പി. ശ്രീനിവാസൻ പറഞ്ഞു. ഇന്ത്യയുമായുള്ള യുദ്ധം നിർത്തുന്നതിന് കാശ്മീർ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കണമെന്ന ആവശ്യം പാക് പ്രധാനമന്ത്രി നവാസ് ഷെരിഫ് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ മുൻപാകെ ഉന്നയിക്കുകയായിരുന്നു.
എന്നാൽ ഇക്കാര്യം ക്ലിന്റൺ സമ്മതിച്ചില്ല. അതിർത്തി കടന്ന് ആക്രമണം നടത്തിയത് പാക്കിസ്ഥാനാണെന്നും അതുകൊണ്ട് പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിക്കണമെന്നുമുള്ള നിലപാട് അമേരിക്ക സ്വീകരിച്ചു. അമേരിക്കയുടെ പിന്തുണ ഇല്ലെന്ന് ഉറപ്പായതോടെ പാക്കിസ്ഥാൻ യുദ്ധം തുടരേണ്ടതില്ലെന്നും തീരുമാനിച്ചു. എന്നാൽ പാക്കിസ്ഥാൻ പട്ടാളത്തിന്റെ ആക്രമണത്തെ പ്രതിരോധിക്കാൻ ഇന്ത്യൻ സൈനികർ നടത്തിയ ചെറുത്തുനിൽപ്പ് ധീരോദാത്തമായിരുന്നുവെന്നും ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അദ്ദേഹം പറഞ്ഞു. ഡോ.നിത സലാം മോഡറേറ്ററായിരുന്നു.