നഗരത്തിന്റെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാൻ ദുബായ് ആർടിഎ
Mail This Article
ദുബായ് ∙ നഗരത്തിന്റെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ആലോചിക്കുന്നു. പബ്ലിക് ബസുകളെ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട് എന്നിവയുമായി കൂടുതൽ സംയോജിപ്പിക്കണമെന്ന വർധിച്ചുവരുന്ന ആവശ്യപ്രകാരമാണിത്. ആർടിഎ അടുത്തിടെ നടത്തിയ 'ടോക്ക് ടു അസ്' വെർച്വൽ സെഷനെ തുടർന്ന് ഇന്നലെയായിരുന്നു പ്രഖ്യാപനം. പരിപാടിയിൽ യാത്രക്കാരിൽ നിന്ന് ഒട്ടേറെ നിർദേശങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും ലഭിച്ചു.
ദുബായിലെ വിവിധ പ്രദേശങ്ങളിലെ ഇന്റേണൽ ബസ് റൂട്ടുകളും യുഎഇയിലുടനീളമുള്ള മറ്റ് എമിറേറ്റുകളുമായി ദുബായിയെ ബന്ധിപ്പിക്കുന്ന ഇന്റർസിറ്റി റൂട്ടുകളും വികസനത്തിൽ ഉൾക്കൊള്ളുന്നു. ദുബായ് ബസ് ശൃംഖലയുടെയും ഇന്റർസിറ്റി ബസ് സർവീസിന്റെയും വിപുലീകരണ സാധ്യതകൾ ഉൾപ്പെടെയുള്ള പ്രവർത്തനക്ഷമമായ ഒട്ടേറെ നിർദേശങ്ങളും നിരീക്ഷണങ്ങളുമായാണ് സെഷൻ സമാപിച്ചത്. ഈ നിർദേശം പൊതു ബസ് സർവീസുകളുടെ വർധിച്ചുവരുന്ന ആവശ്യമാണ് സൂചിപ്പിക്കുന്നത്.
യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന യാത്രകൾ ഉറപ്പാക്കുന്നതിന് അത്തരം സംയോജനം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ആർടിഎയുടെ കണക്കനുസരിച്ച് ഈ വർഷം ജനുവരി മുതൽ ജൂൺ വരെ 89.2 ദശലക്ഷം പേർ ബസുകളിൽ സഞ്ചരിച്ചു. 2024 ന്റെ ആദ്യ പകുതിയിൽ ആകെ പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിന്റെ 24.5 ശതമാനമാണിത്.
∙ പീക്ക് - അവർ ട്രാഫിക് 30% കുറയ്ക്കുന്നു
ദുബായിലെ പ്രധാന റോഡുകളിലെ പീക്ക്-അവർ (തിരക്കേറിയ സമയം) ട്രാഫിക് 30 ശതമാനം കുറയ്ക്കാൻ കഴിയുന്ന റിമോട്ട്, ഫ്ലെക്‌സിബിൾ മണിക്കൂർ വർക്ക് പോളിസികൾ നടപ്പിലാക്കാൻ ഈ മാസം ആദ്യം ആർടിഎ നിർദേശിച്ചതിനെ തുടർന്നാണ് ബസ് ശൃംഖല വിപുലീകരിക്കാനുള്ള ആലോചന നടത്തിയതെന്ന് രണ്ട് പഠനങ്ങളെ ഉദ്ധരിച്ച് ആർടിഎ അഭിപ്രായപ്പെട്ടു. രണ്ട് മണിക്കൂർ സ്റ്റാർട്ട് വിൻഡോയും റിമോട്ട് വർക്കും മാസത്തിൽ നാലോ അഞ്ചോ പ്രവൃത്തിദിനങ്ങളിൽ അനുവദിക്കുന്നത് ദുബായിലെ പ്രഭാത യാത്രാ സമയം 30 ശതമാനം കുറയ്ക്കും. ട്രക്ക് ചലന നിയന്ത്രണങ്ങൾ വിപുലീകരിക്കുക, ബസുകൾക്കും ടാക്‌സികൾക്കും വേണ്ടിയുള്ള സമർപ്പിത പാതകൾ വർധിപ്പിക്കുക, സ്വകാര്യ വാഹനങ്ങൾക്ക് പകരം പൊതുഗതാഗതം ഉപയോഗിക്കാൻ താമസക്കാരെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകും. ജീവനക്കാർക്ക് കൂടുതൽ പൊതുഗതാഗത ഉപയോഗവും കാർപൂളിങ്ങും ആർടിഎ പ്രോത്സാഹിപ്പിക്കുന്നുണ്ട്.