കറിവേപ്പില മുതല്‍ സ്ട്രോബറി വരെ: ഖത്തറിലെ പ്രവാസി മലയാളികളുടെ അടുക്കളത്തോട്ടങ്ങൾ സജീവം
Mail This Article
ദോഹ ∙ ശൈത്യകാല കൃഷിത്തിരക്കില്‍ ഖത്തറിലെ പ്രവാസി മലയാളി കുടുംബങ്ങള്‍. വൈവിധ്യമാര്‍ന്ന കൃഷിക്കാഴ്ചകളുമായി ദോഹയിലെ അടുക്കളത്തോട്ടങ്ങള്‍ സജീവം. തണുപ്പുകാലം എത്തിയതോടെ പതിവുപോലെ ഇക്കുറിയും പ്രവാസി മലയാളികളുടെ അടുക്കളത്തോട്ടത്തില്‍ കീടനാശിനിയില്ലാത്ത ജൈവ പച്ചക്കറികളും പഴങ്ങളും കായ്ച്ചു തുടങ്ങി. ഓഗസ്റ്റ് അവസാനം മുതല്‍ തുടങ്ങിയ കൃഷിയൊരുക്കം ഇപ്പോള്‍ വിളവെടുപ്പിന്റെ ഘട്ടത്തിലേക്ക് എത്തികൊണ്ടിരിക്കുകയാണ്.
സ്ഥലപരിമിതികളെ മറികടന്ന് ഗ്രോ ബാഗുകളിലും പൂച്ചട്ടികളിലും ചാക്കുകളിലും വരെ പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരാണ് മിക്കവരും. കൃഷിയെ സ്നേഹിക്കുന്ന മലയാളികളുടെ വീടുകളിലെ ഇത്തിരിമുറ്റത്ത് അല്ലെങ്കില്‍ ബാല്‍ക്കണികളിലാണ് പച്ചക്കറികളും പൂച്ചെടികളും നിറഞ്ഞ അടുക്കളത്തോട്ടങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കറിവേപ്പില മുതല്‍ സ്ട്രോബറി വരെ കൃഷി ചെയ്യുന്നവരാണ് മിക്കവരും. കേരളത്തിന്റെ നാട്ടുപച്ചക്കറികള്ക്ക് നടുവില്‍ അറബിന്റെ ഷമാമും ഇല വര്‍ഗമായ ജര്ജീറിനുമെല്ലാം സ്ഥാനമുണ്ട്.
മത്തങ്ങ, കുമ്പളങ്ങള, പടവലങ്ങ, കാരറ്റ്, ബീറ്റ്റൂട്ട്, പാവയ്ക്ക, വെള്ളരി, തക്കാളി, വഴുതനങ്ങ, ചേന, പയര്‍, പച്ചമുളക് എന്നിങ്ങനെ പച്ചക്കറികളുടെ നീണ്ട നിര തന്നെ മിക്ക അടുക്കളത്തോട്ടങ്ങളിലുമുണ്ടാകും. അടുക്കളത്തോട്ടത്തെ കൂടുതല്‍ കളര്‍ഫുള്‍ ആക്കാന്‍ വിവിധ നിറങ്ങളിലും ഇനങ്ങളിലുമുള്ള തക്കാളിയും വെണ്ടയും പച്ചമുളകും വഴുതനങ്ങയുമെല്ലാം മിക്കവരും കൃഷി ചെയ്യുന്നുണ്ട്. ഇല വര്‍ഗങ്ങളില്‍ ചീര, മല്ലി, പുതിന എന്നിവയ്ക്ക് പുറമെ ലെറ്റൂസും പാഴ്സലിയും ജര്‍ജീറും നട്ടുവളര്‍ത്തുന്നുണ്ട്. കടുക്, വെളുത്തുള്ളി, പെരുംജീരകം, ചെറിയ ഉള്ളി തുടങ്ങിയവയും മിക്ക അടുക്കളത്തോട്ടങ്ങളിലും കാണാം.
ശൈത്യകാലത്താണ് പ്രവാസികളുടെ അടുക്കളത്തോട്ടങ്ങള്‍ കൂടുതല്‍ ഉഷാറാകുന്നതെങ്കിലും വര്‍ഷത്തിലുടനീളം പച്ചമുളകും വെണ്ടയും തക്കാളിയുമൊക്കെയായി മുടങ്ങാതെ കൃഷി ചെയ്യുന്നവരും കുറവല്ല. നാലാംഗ കുടുംബത്തിന് സാമ്പാറും അവിയലും തോരനും ഉണ്ടാക്കാന്‍ ആവശ്യമായ പച്ചക്കറികള്‍ സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്നു തന്നെ വിളവെടുക്കുന്നവരാണ് ഭൂരിഭാഗം പേരും. വിളവെടുപ്പില്‍ നിന്ന് സുഹൃത്തുക്കള്‍ക്കായി ഒരു വിഹിതം നല്‍കുന്നവരാണ് മിക്കവരും. അടുക്കളത്തോട്ടിന് കൂടുതല്‍ ഭംഗി നല്കാന് പച്ചക്കറികള്‍ക്ക് പുറമെ ബോഗന്‍വില്ലയും ജമന്തിയും ചെമ്പകവും ചെത്തിയും റോസുമെല്ലാം ഉണ്ട്.
രാവിലെയോ അല്ലെങ്കില്‍ വൈകിട്ട് ജോലി കഴിഞ്ഞെത്തുമ്പോഴോ വെള്ളമൊഴിച്ചും വളമിട്ടും കൃഷിപ്പണിക്കായി ഇത്തിരി സമയം കണ്ടെത്തുന്നവരാണ് എല്ലാവരും. നല്ല വില കൊടുത്താണ് മണ്ണ് വാങ്ങുന്നതെങ്കിലും കൃഷിയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഇക്കൊല്ലം കൃഷി ചെയ്ത മണ്ണ് കൂടുതല്‍ മികച്ചതാക്കി അടുത്ത വര്‍ഷത്തേക്ക് ഉപയോഗയോഗ്യമാക്കി എടുക്കുന്നവരാണ് കൂടുതല്‍ പേരും. പ്രാണികളെ തുരത്താനും കൃഷി സമൃദ്ധിക്കുമായി പൂര്‍ണമായും ജൈവ വളമാണ് ഉപയോഗിക്കുന്നത്.
ചാണകപൊടി, പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ആട്ടിന്‍ കാഷ്ടം എന്നിവയ്ക്ക് പുറമെ അടുക്കള മാലിന്യത്തില്‍ നിന്നുള്ള ജൈവ വളവുമാണ് അടുക്കളത്തോട്ടങ്ങളെ ആരോഗ്യകരമാക്കുന്നത്. കര്‍ഷകരെ പിന്തുണക്കാന്‍ പ്രവാസി കാര്‍ഷിക കൂട്ടായ്മകളും സജീവമാണ്. വിത്തും വളവും തൈകളും മാത്രമല്ല കൃഷിക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും കൂട്ടായ്മകള്‍ നല്‍കുന്നുണ്ട്. ഇനി വരുന്ന മാസങ്ങളില്‍ അടുക്കളത്തോട്ടങ്ങളില്‍ വിളവെടുപ്പിന്റെ തിരക്കേറും.