ഇസ്രയേൽ വെടിനിർത്തൽ ഉടൻ നടപ്പാക്കണം: യുഎഇ, ഖത്തര്‍
Mail This Article
അബുദാബി ∙ ഗാസയിലും ലബനനിലും തുടരുന്ന ഇസ്രയേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു. മേഖലയിൽ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് അതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ എത്തിയ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി അബുദാബിയിൽ അദ്ദേഹം ചർച്ച നടത്തി. വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്ന് ഇരുനേതാക്കളും അഭിപ്രായപ്പെട്ടു. ഖത്തറും യുഎഇയും തമ്മിലുള്ള ഉഭയകക്ഷിബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്താനും തീരുമാനമായി.
വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് തഹ്നൂന് ബിന് സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഉൾപ്പെടെ ഒട്ടേറെ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.