ലഭ്യമായതിനേക്കാൾ ഏഴിരട്ടി ആളുകളെ വേണം; വൻ തൊഴിലവസരവുമായി വ്യോമയാന മേഖല
Mail This Article
അബുദാബി ∙ പൈലറ്റുമാർ ഉൾപ്പെടെയുള്ള വിമാന ജീവനക്കാരുടെ കുറവ് വ്യോമയാന മേഖലയുടെ കുതിപ്പിന് തടസമാകുന്നതായി എയർ എക്സ്പോ അബുദാബി. വ്യോമയാന രംഗത്ത് ജോലി സാധ്യതകൾ ഏറെയുണ്ടെങ്കിലും പരിശീലനം നേടിയ ജീവനക്കാരുടെ കുറവ് പ്രതിസന്ധിയാവുകയാണ്. വർഷം 4,500 പൈലറ്റുമാർ മാത്രമാണ് പുറത്തിറങ്ങുന്നത്. ലോകത്ത് വർഷം 32,500 പൈലറ്റുമാരുടെ ആവശ്യമുണ്ട്.
കോവിഡിനു ശേഷം കഴിഞ്ഞ 3 വർഷമായി ട്രാവൽ ആൻഡ് ടൂറിസംരംഗം വൻ കുതിപ്പാണ് നടത്തുന്നത്. എന്നാൽ, പൈലറ്റുമാരുടെ കുറവ് നിലവാരത്തിലെ വിട്ടുവീഴ്ചയിലേക്ക് നയിക്കാമെന്നും സമ്മേളനം സൂചിപ്പിച്ചു. 20 വർഷത്തിനകം 6.5 ലക്ഷം പുതിയ പൈലറ്റുമാരെ കൂടി ആവശ്യം വരുമെന്ന് ബോയിങ് കഴിഞ്ഞവർഷം അറിയിച്ചിരുന്നു, അതിൽ 58,000 പൈലറ്റുമാരെ മധ്യപൂർവദേശത്തേക്ക് മാത്രം വേണ്ടിവരും. നിലവിൽ ലഭ്യമായതിനേക്കാൾ ഏഴിരട്ടിയാണ് ആവശ്യം. വർധിച്ചുവരുന്ന ആവശ്യകതയുടെ അതേ വേഗത്തിൽ വ്യോമയാന പരിശീലന വ്യവസായം നീങ്ങുന്നില്ലെന്ന് ഷാർജ ആസ്ഥാനമായുള്ള പൈലറ്റ് ട്രെയ്നിങ് അക്കാദമി പിയർ സെവൻ സിഇഒ ക്യാപ്റ്റൻ അഭിഷേക് നഡ്കർണി പറഞ്ഞു. പൈലറ്റ് പരിശീലനം വളരെ ചെലവേറിയതും സങ്കീർണവുമാണ്.
മുൻകാലങ്ങളിൽ, പരിശീലനം ലഭിച്ച പൈലറ്റുമാരിൽ 20% മാത്രമാണ് വിമാനം പറത്തുന്നത്. ശേഷിച്ച 80% പേർ ജോലിയിൽ പ്രവേശിച്ചിട്ടില്ല. അതിനാൽ, ലഭ്യമായവരെ റിക്രൂട്ട് ചെയ്യാൻ വിമാനക്കമ്പനികൾ നിർബന്ധിതരാവുകയാണ്. ഏവിയേഷൻ സ്കൂളുകളിൽ പഠിക്കാൻ സ്പോൺസർ ചെയ്യുന്നതടക്കം എയർലൈൻ കമ്പനികളിൽനിന്ന് കൂടുതൽ പിന്തുണയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2026നകം 14 ഫ്ലൈറ്റ് സിമുലേറ്ററുകൾ ഉൾപ്പെടുത്തി പരിശീലന ശേഷി വിപുലീകരിക്കാൻ കമ്പനിക്കു പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലങ്ങളിലെ നഷ്ടം 6 മാസംകൊണ്ട് വീണ്ടെടുക്കാൻ എമിറേറ്റ്സ് എയർലൈനിന് സാധിച്ചു. ഇത്തിഹാദ് എയർവേയ്സ് അതിവേഗം സേവനം വീണ്ടെടുക്കുക മാത്രമല്ല കൂടുതൽ സെക്ടറുകളിലേക്ക് സർവീസ് ആരംഭിച്ച് വൻ ലാഭം നേടുകയും ചെയ്തു.
പൈലറ്റ് പരിശീലനത്തിൽ 250% വർധനയുണ്ടായെന്ന് ഇത്തിഹാദ് ഏവിയേഷൻ ട്രെയ്നിങ് അധികൃതർ സൂചിപ്പിച്ചു.
വ്യോമയാന മേഖലയുടെ ഭാവി രൂപപ്പെടുത്താനും പുതുതലമുറയിലെ ഏവിയേഷൻ പ്രഫഷനലുകളുടെ കഴിവ് പരിപോഷിപ്പിക്കാനുമുള്ള എയർ എക്സ്പോ അബുദാബി മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പ്രദർശനം ഇന്നു സമാപിക്കും.