ശൈത്യകാല കാര്‍ഷിക ചന്തകളില്‍ നിന്ന് നല്ല ഫ്രഷ് പച്ചക്കറികള്‍ വാങ്ങാം
Mail This Article
ദോഹ ∙ ഖത്തറില്‍ ശൈത്യകാല കാര്‍ഷിക ചന്തകള്‍ സജീവമായി. വാരാന്ത്യത്തില്‍ മിതമായ വിലയില്‍ നല്ല ഫ്രഷ് പച്ചക്കറികള്‍ കര്‍ഷകരില്‍ നിന്ന് നേരിട്ടു വാങ്ങാം. രാജ്യത്തുടനീളമായി 5 ശൈത്യകാല കാര്‍ഷിക ചന്തകളാണ് തുറന്നിരിക്കുന്നത്. ഈ മാസം 11 മുതലാണ് ചന്തകള്‍ ഇത്തവണത്തെ സീസണ്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍പന നടത്താന്‍ കഴിയുമെന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള നല്ല നാടന്‍ പച്ചക്കറികള്‍ മിതമായ നിരക്കില്‍ വാങ്ങുകയും ചെയ്യാം എന്നതാണ് കാര്‍ഷിക ചന്തകളുടെ ഗുണം.
ശൈത്യകാല ചന്തകള്‍ക്ക് പുറമെ എജ്യൂക്കേഷന്‍ സിറ്റിയിലെ തോര്‍ബ ഫാര്‍മേഴ്‌സ് മാര്‍ക്കറ്റില്‍ നിന്നും ജൈവ പച്ചക്കറികളും വാങ്ങാം. പ്രാദേശിക ഗാര്‍ഹിക സംരംഭകരുടെ ഉല്‍പന്നങ്ങളാണ് ഇവിടെ നിന്ന് ലഭിക്കുക. ശൈത്യകാലം അവസാനിക്കുന്നതു വരെ എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.00 മുതല്‍ രാത്രി 9.00 വരെയാണ് തോര്‍ബയുടെ പ്രവര്‍ത്തനം.
ശൈത്യകാല ചന്തകള്‍ എവിടെയൊക്കെ, സമയക്രമം എങ്ങനെ
അല്‍ വക്ര, അല്‍ഖോര്‍, അല്‍ ദഖീറ, അല്‍ ഷഹാനിയ, അല്‍ ഷമാല്‍ എന്നിവിടങ്ങളിലായാണ് കാര്‍ഷിക ചന്തകള്‍. വ്യാഴം മുതല്‍ ശനി വരെ രാവിലെ 7.00 മുതല്‍ ഉച്ചയ്ക്ക് 3.00 വരെയാണ് ചന്തകളുടെ പ്രവര്‍ത്തനസമയം. തക്കാളി, വഴുതനങ്ങ, കാബേജ്, കുക്കുംബര്‍, കാപ്‌സിക്കം, ലെറ്റൂസ് ഉള്‍പ്പെടെ വ്യത്യസ്ത തരം പച്ചക്കറികള്‍, പഴങ്ങള്‍, ഈന്തപ്പഴം, തേന്‍ എന്നിവയെല്ലാം ചന്തകളില്‍ ലഭിക്കും. വരും മാസങ്ങളില്‍ കൂടുതല്‍ ഇനം പച്ചക്കറികള്‍ വില്‍പനക്കെത്തും. ശൈത്യകാലത്ത് വിപണിയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ തക്കവിധമാണ് ഇവയുടെ പ്രവര്‍ത്തനം. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പ്രതിദിന വില വിവര പട്ടിക അനുസരിച്ചാണ് വില ഈടാക്കുന്നത്.