ഓർമ കേരളോത്സവം: മെഗാ തിരുവാതിരയിൽ 500 വനിതകൾ അണിനിരക്കും
Mail This Article
ദുബായ് ∙ ഓർമ കേരളോത്സവം 2024 ന്റെ പൂരനഗരിയിൽ ഇത്തവണ 500 വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയും. ഓർമ അംഗങ്ങളായ വനിതകളെ കൂടാതെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി സംഘടനകളും കൂട്ടായ്മകളും ഡിസംബർ 1ന് 3 ന് നടക്കുന്ന മെഗാ തിരുവാതിരയുടെ ഭാഗമാകും.
യുഎഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന ഓർമ കേരളോത്സവ നഗരി ഇത്തവണ കൂടുതൽ വിശാലമായ നിലയിൽ ദുബായ് ഖിസൈസിലെ അമിറ്റി സ്‌കൂൾ അങ്കണത്തിലാണ് ഒരുക്കുന്നത്. രണ്ടു ദിവസവും വൈകിട്ട് 4 മുതൽ അരങ്ങേറുന്ന ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നർത്തകിയും ചലച്ചിത്ര താരവുമായ മേതിൽ ദേവിക, സംഗീത നാടക അക്കാദമി ചെയർമാനും മേളം കലാകാരനുമായ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, ഹോർത്തൂസ് മലബാറികസ് ബാൻഡുമായി ഗായിക സിതാരയും സംഘവും, യുവഗായകരായ വിജയി അരവിന്ദ് നായർ, ആര്യ ദയാൽ, സചിൻ വാര്യർ എന്നിവരുൾപ്പെടെ പങ്കെടുക്കും. ദുബായ് മലയാളികളുടെ ഏറ്റവും വലിയ നാട്ടുത്സവമായി ഒരുങ്ങുന്ന ഓർമ കേരളോത്സവ നഗരിയിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ഒ. വി. മുസ്തഫ, എൻ.കെ. കുഞ്ഞഹമ്മദ്, അനീഷ് മണ്ണാർക്കാട്, പ്രദീപ് തോപ്പിൽ, ഷിഹാബ് പെരിങ്ങോട് എന്നിവർ അറിയിച്ചു.