ADVERTISEMENT

ദുബായ്∙ ദുബായിലെ പ്രമുഖ ഇന്ത്യൻ സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കർണാടക ഭട്​കൽ സ്വദേശി സി.എ.ഖലീൽ(എസ്.എം.ഖലീലുറഹ്മാൻ–86) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങൾ കാരണം ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തിന് രണ്ട് പ്രാവശ്യം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് മരിച്ചത്. മൃതദേഹം ഇന്ന് വൈകിട്ട് മുഹൈസിന 2ലെ കബർസ്ഥാനിൽ കബറടക്കി. 

രാജ്യാന്തര വ്യാപാരം, സാമൂഹിക സേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രമുഖനായിരുന്ന ഖലീൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റസ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) ദുബായ് ചാപ്റ്ററിന്‍റെ സ്ഥാപക അംഗമായിരുന്നു. 1987 മുതൽ 1994 വരെ ചെയർമാനായി സേവനമനുഷ്ഠിച്ചു.  ചാർട്ടേഡ് അക്കൗണ്ടന്‍റായ അദ്ദേഹം ദുബായിലെ പ്രമുഖ ഗലദാരി കുടുംബത്തിൽ ചേരുന്നതിന് മുമ്പ് മഹീന്ദ്ര ഉഗിൻ സ്റ്റീലിനൊപ്പം ജോലി ചെയ്തു. 

ഖലീജ് ടൈംസിന്‍റെ ജനറൽ മാനേജരായും പിന്നീട് ഇല്യാസിന്‍റെയും മുസ്തഫ ഗലദാരി ഗ്രൂപ്പിന്‍റെയും ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു.  ജഷൻമാൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ വൈസ് ചെയർമാൻ, മാധ്യമ കമ്മ്യൂണിക്കേഷൻസ് ചെയർമാൻ, വെബ് അധിഷ്‌ഠിത വാർത്താ പ്ലാറ്റ്‌ഫോമായ സാഹിൽ ഓൺലൈനിന്‍റെ ചെയർമാൻ തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ അദ്ദേഹം നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ദുബായിലെയും ഇന്ത്യയിലെയും ഒട്ടേറെ മാധ്യമ കമ്പനികളുടെയും ചാരിറ്റബിൾ ഫൗണ്ടേഷനുകളുടെയും ഡയറക്ടറും ട്രസ്റ്റിയുമായിരുന്നു. 

ഖലീലിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കർണാടക സർക്കാർ  അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. അഞ്ജുമാൻ ഹാമി-ഇ-മുസ്​ലിമീൻ പ്രസിഡന്‍റും ജനറൽ സെക്രട്ടറിയും എന്ന നിലയിൽ സംഘടനയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിയിലും ഭട്കലിലും സമീപ പ്രദേശങ്ങളിലും സ്കൂളുകളും കോളജുകളും സ്ഥാപിക്കുന്നതിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.  ഭട്കൽ മുസ്​ലിം  ഖലീജ് കൗൺസിൽ (ബിഎംകെസി) അടുത്തിടെ ഖലീലിന്‍റെ ജീവിതവും സമൂഹത്തിനായുള്ള സേവനവും ആഘോഷിക്കുന്ന ഒരു ഡോക്യുമെന്‍ററി പുറത്തിറക്കി.  

English Summary:

CA Khalil, a prominent Indian social worker based in Dubai, passed away.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com