ഉം സലാല്‍ വിന്റര്‍ ഫെസ്റ്റവലിന് തുടക്കം; ഇവന്റുകളും പ്രദര്‍ശനങ്ങളുമായി മേള സജീവമാകും
Mail This Article
ദോഹ ∙ ഖത്തറിന്റെ ഉം സലാല്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവലിന് തുടക്കമായി. നഗരസഭ മന്ത്രാലയത്തിലെ കാര്‍ഷിക കാര്യ വിഭാഗമാണ് ഉം സലാല്‍ വിന്റര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്. 2025 ഫെബ്രുവരി 19 വരെ നീളുന്ന മേളയുടെ ഭാഗമായി നിരവധി ഇവന്റുകളും പ്രദര്‍ശനങ്ങളും നടക്കും. പ്രാദേശിക ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് മേള.
ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് നേരിട്ട് തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള വിപണി ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹസാദ് ഫുഡ് കമ്പനിയുടെ സഹകരണത്തിലാണ് മേള. രാജ്യത്തെ പ്രധാനപ്പെട്ട 6 സെന്‍ട്രല്‍ മാര്‍ക്കറ്റുകളില്‍ ഒന്നാണ് ഉംസലാല്‍. അല്‍ മജ്ദ്, അല്‍ ഷമാല്‍ ഹൈവേകളുടെ ഇന്റര്‍സെക്ഷനുകളിലായാണ് മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഫിഷ് മാര്‍ക്കറ്റ്, ലേല ഹാള്‍, കര്‍ഷക ചന്തയായ അല്‍ മസ്രുഅ, സ്വകാര്യ അറവുശാലകള്‍, പച്ചക്കറി-പഴ-ഈന്തപ്പന കടകള്‍, ഇറച്ചി വില്‍പന കടകള്‍, ഐസ് ഫാക്ടറി, സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയെല്ലാമായി വിശാലമായ മാര്‍ക്കറ്റാണിത്. പ്രാര്‍ഥനയ്ക്കായി പള്ളിയുമുണ്ട്.
തുടക്കം ഈന്തപ്പഴത്തില്‍
ഈന്തപ്പഴ പ്രദര്‍ശനത്തോടെയാണ് ഉംസലാല്‍ വിന്റര്‍ ഫെസ്റ്റിവലിന് തുടക്കമായത്. ഈ മാസം 30 വരെയാണ് പ്രദര്‍ശനം. 14 ഫാമുകളും 3 ഫാക്ടറികളുമാണ് പങ്കെടുക്കുന്നത്. ഡിസംബര്‍ 5 മുതല്‍ 14 വരെ പരമ്പരാഗത മാര്‍ക്കറ്റ്, 19 മുതല്‍ 26 വരെ അലങ്കാരചെടികളുടെയും പൂക്കളുടെയും പ്രദര്‍ശനങ്ങളാണ് നടക്കുക. പുതുവര്‍ഷത്തില്‍ ജനുവരി 9 മുതല്‍ തേന്‍ പ്രദര്‍ശനത്തോടെയാണ് തുടക്കം. 18 വരെയാണിത്. 30 മുതല്‍ ഫെബ്രുവരി 8 വരെ സ്‌ട്രോബറി-അത്തി പഴങ്ങളുടെ പ്രദര്‍ശനമാണ്. ഫെബ്രുവരി 13 മുതല്‍ 19 വരെ കനാര്‍ പഴങ്ങളുടെ പ്രദര്‍ശനത്തോടെയാണ് 3 മാസം നീളുന്ന വിന്റര്‍ ഫെസ്റ്റിവൽ സമാപനം കുറിക്കുന്നത്.