വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി; കുവൈത്ത് പൗരന് 4 വര്‍ഷം തടവ്
Mail This Article
കുവൈത്ത് സിറ്റി ∙ വ്യാജ സൗദി ഹൈസ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സര്‍ക്കാര്‍ ജോലിയ്ക്ക് കയറിയ സ്വദേശി പൗരന് ക്രിമിനല്‍ കോടതി നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതിയെ ജോലിയില്‍ നിന്ന് പുറത്താക്കാനും കെഡി 105,000 (340,000 ഡോളര്‍) പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സൗദി അധികൃതരുമായി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധന നടത്തിയ ശേഷമാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് എന്ന് സ്ഥിരീകരിച്ചത്.
ഈ മാസം ആദ്യവാരം, പത്ത് വര്‍ഷത്തോളം ജോലി ചെയ്യാതെ സര്‍ക്കാര്‍ ശമ്പളം കൈപറ്റിയ കേസില്‍ സ്വദേശി നഴ്സിന് 5 വര്‍ഷം കഠിന തടവും പിഴയും ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. ആരോഗ്യ മന്ത്രാലയ ജീവനക്കാരിയായ സ്വദേശി നഴ്സിനെയാണ് ശിക്ഷിച്ചത്. ഇവര്‍ കരസ്ഥമാക്കിയ ശമ്പളത്തിന്റെ ഇരട്ടി തുകയായ ഒരു ലക്ഷത്തിപതിനായിരം ദിനാര്‍ പിഴ ചുമത്തിയിരിന്നു.
കഴിഞ്ഞ എതാനും മാസങ്ങളായി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് എതിരെ ശക്തമായ നടപടികളാണ് കുവൈത്ത് സ്വീകരിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സര്‍വീസിലുള്ളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്. സ്വകാര്യ കമ്പിനിയിലുള്ളവരുടെ തസ്തിക അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റുകളും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പരിശോധിച്ച് വരികയാണ്.