വ്യാജ ഓഫറുകൾ; കർശന പരിശോധനയുമായി ഖത്തർ
Mail This Article
ദോഹ ∙ വ്യാജ ഓഫറുകൾ നൽകി വിൽപ്പന നടത്തുന്ന സ്ഥപനങ്ങൾക്കെതിരെ കർശന പരിശോധനയുമായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. ഷോപ്പിങ് മാളുകളിലും സൂപ്പർമാർക്കറ്റുകളിലും പ്രൊമോഷനൽ ഓഫറുകളും വിൽപ്പന ക്യാംപെയ്നുകളും നടക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വേണ്ടിയാണ് ഈ പരിശോധന. സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും പ്രമോഷനൽ ഓഫറുകൾ പ്രഖ്യാപിക്കുനതിന് മുൻപ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും അനുമതി വാങ്ങിയിട്ടുണ്ടോ എന്നും മന്ത്രാലയ അധികൃതർ പരിശോധിക്കും.
2018ലെ 311-ാം നിയമം അനുസരിച്ച് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കുറഞ്ഞ വിലയ്ക്ക് ചരക്കുകളോ സേവനങ്ങളോ നൽകുന്നത് നിയമ വിരുദ്ധമാണ്. ഈ നിയമത്തിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി, മന്ത്രാലയതിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ലൈസൻസ് നേടിയതിന് ശേഷമല്ലാതെ, കുറഞ്ഞ വിലയ്ക്ക് സാധനങ്ങളോ സേവനങ്ങളോ നൽകുന്നത് നിയമവിരുദ്ധമാണ്. നിരവധി സൂപ്പർമാർക്കറ്റുകളും ഷോപ്പിങ് മാളുകളും കച്ചവടം വർധിപ്പിക്കുന്നതിനായി സ്ഥിരമായി പ്രമോഷനുകൾ നടത്തുന്നതായും ഇത്തരം പ്രമോഷനുകളിൽ വിലയിൽ കൃത്രിമം കാണിക്കുന്നതായും ഉപഭോക്താക്കളിൽ നിന്ന് പലപ്പോഴുംപരാതികൾ ലഭിക്കാറുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.