ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ സ്മാർട്ടാക്കി ദുബായ്; 141 ഇടത്ത് നവീകരണം പൂർത്തിയായി
Mail This Article
ദുബായ് ∙ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സ്മാർട്ടാക്കി ദുബായ്. 141 ബസ് ഷെൽറ്ററുകളാണ് കാലോചിതമായി പരിഷ്കരിച്ച് നിർമാണം പൂർത്തിയാക്കിയതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. നവീന മാതൃകയിൽ രൂപകൽപന ചെയ്ത ഇവ ജനസൗഹൃദമാണെന്നും ആർടിഎ അറിയിച്ചു. ദുബായിൽ മൊത്തം 762 കാത്തിരിപ്പു കേന്ദ്രങ്ങളിൽ 141 എണ്ണമാണ് കൂടുതൽ സൗകര്യങ്ങളോടെ പുതിയ രൂപത്തിലേക്കു മാറ്റിയത്. ശേഷിച്ചവയുടെ നിർമാണം അടുത്ത വർഷം പൂർത്തിയാക്കും.
ബസുകളുടെ റൂട്ട് മാപ്പ്, സമയക്രമം തുടങ്ങിയവ വേഗത്തിൽ അറിയാനുള്ള സ്ക്രീനുകൾ പുതിയ ഷെൽറ്ററുകളിൽ ഉണ്ടാകും. യുഎഇയുടെ ഭിന്നശേഷി സൗഹൃദനയം പാലിച്ചാണ് നിർമാണമെന്നതിനാൽ അംഗപരിമിതർ ഉൾപ്പെടെയുളളവർക്ക് പ്രയോജനപ്പെടുത്താം.
നവീകരിച്ച ബസ് ഷെൽറ്ററുകൾ വർഷത്തിൽ 18.2 കോടി ആളുകൾ ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഇവയിൽ ചില കാത്തിരുപ്പു കേന്ദ്രങ്ങൾ 10ലേറെ റൂട്ടുകളിലേക്കുള്ള യാത്രക്കാർക്ക് ഉപയോഗിക്കാം. മറ്റുള്ളവ ഒന്നിലേറെ റൂട്ടുകളിലേക്കുള്ളവർക്കും ഉപയോഗപ്രദമാണ്. പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി ദുബായ് നിവാസികൾക്കും സന്ദർശകർക്കും മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങളെന്ന് ആർടിഎ ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു