സമുദ്ര പൈതൃകവുമായി കത്താറയിൽ പായ്ക്കപ്പൽ മേളയ്ക്ക് നാളെ തുടക്കം
Mail This Article
ദോഹ ∙ ഖത്തറിന്റെ സമുദ്രയാന പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത പായ്ക്കപ്പൽ ഫെസ്റ്റിവലിന് കത്താറ കൾചറൽ വില്ലേജിൽ നാളെ തുടക്കമാകും. ഇത്തവണയും ഇന്ത്യയുടെ പങ്കാളിത്തം. 14-ാമത് പായ്ക്കൽ മേളയിൽ ഗൾഫ് രാജ്യങ്ങളിലെ മാത്രമല്ല ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെയും സമ്പന്നമായ സാംസ്കാരിക, സമുദ്രയാന വൈവിധ്യതയും പൈതൃകവും ആഘോഷിക്കപ്പെടുകയാണ്.
ഖത്തറിന് പുറമെ സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഇറാഖ്, ഇന്ത്യ, ടാൻസനിയ, ഇറാൻ, പലസ്തീൻ എന്നീ രാജ്യങ്ങളുടെ പങ്കാളിത്തമാണ് ഇത്തവണയുള്ളത്. മേളയുടെ ഭാഗമായി സന്ദർശകർക്കായി നിരവധി സാംസ്കാരിക, വിനോദ പരിപാടികളും നടക്കും. പരമ്പരാഗത സമുദ്രയാന കലകളും ഇവിടെ അവതരിപ്പിക്കപ്പെടും. ആറാമത് ഫത് അൽ ഖെയ്ർ യാത്രയ്ക്കും മേളയിൽ തുടക്കമാകും.
പ്രത്യേക നാടകാവിഷ്കാരത്തോടെയാണ് തുടക്കം. അൽ നഹ്മ, അൽ ഫജിരി ഉൾപ്പെടെയുള്ള സമുദ്ര കലാ രൂപങ്ങളും ഗൾഫ് മേഖലയുടെ സമുദ്ര സാംസ്കാരിക വൈവിധ്യത ഉയർത്തിക്കാട്ടിയുള്ള ഒമാനി സമുദ്ര കലകളും ദിവസേന ആസ്വദിക്കാം. കലാപരിപാടികൾക്ക് പുറമെ സാംസ്കാരിക സെമിനാറുകളുമുണ്ട്. സമുദ്ര പൈതൃകം പ്രതിഫലിപ്പിക്കുന്നതിനായി മീൻ വല നെയ്യുന്ന വിധം, ചെറു പായ്കപ്പൽ നിർമാണം, പനയോല കൊണ്ട് വിവിധ ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന വിധം എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള വിദ്യാഭ്യാസ ശിൽപശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള മീൻപിടിത്തം, മുത്തുവാരൽ ഉൾപ്പെടെ നിരവധി മത്സര പരിപാടികളും നടക്കും. നവംബർ 27 മുതൽ ഡിസംബർ 7 വരെ കത്താറയിലെ ബീച്ചിന്റെ തെക്കു ഭാഗത്തായാണ് മേള നടക്കുക. ഉച്ചയ്ക്ക് 3.00 മുതൽ രാത്രി 10.00 വരെയാണ് പ്രവേശനം.