ഇസ്രയേൽ പൗരനെ കൊലപ്പെടുത്തിയ പ്രതികളെ അതിവേഗം പിടികൂടി യുഎഇ
Mail This Article
അബുദാബി ∙ ഇസ്രയേൽ പൗരൻ സ്വീവ് കോഗാനെ കൊലപ്പെടുത്തിയ കേസിലെ 3 പ്രതികളെയും അധികൃതർ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉസ്ബക്കിസ്ഥാൻ പൗരന്മാരായ ഒളിംപി ടൊഹിറോവിക്(28), മഹമൂദ് ജോൺ അബ്ദുൽ റഹ്മാൻ(28), അസീസ് ബെക് കമിലോവിക് (33) എന്നിവരാണ് അറസ്റ്റിലായത്. മൊൾഡോവ, ഇസ്രയേൽ പാസ്പോർട്ടുകളുള്ള സ്വീവ് കോഗാനെ ഈ മാസം 21മുതൽ കാണാനില്ലെന്ന് അദ്ദേഹത്തിന്‍റെ കുടുംബമാണ് പരാതിപ്പെട്ടത്. യുഎഇയിലെ അൽ ഐനിലാണു മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണമാരംഭിച്ചു. വൈകാതെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതികള തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. സംഭവത്തിന്‍റെ പൂർണവിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം, കൊലപാതകത്തിൽ ഇറാന്‍റെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ തള്ളിക്കളയുന്നതായി യുഎഇയിലെ ഇറാൻ എംബസി അറിയിച്ചു.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി യുഎഇ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നിഷേധം. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്‍റെ ഓഫിസ് കോഗന്‍റെ കൊലപാതകം നിന്ദ്യമായ നടപടിയാണെന്ന് അപലപിച്ചു. .സാമൂഹിക സ്ഥിരതയെ ഭീഷണിപ്പെടുത്തുന്ന ഏതെങ്കിലും പ്രവർത്തനങ്ങളോടും ശ്രമങ്ങളോടും പ്രതികരിക്കുന്നതിന് എല്ലാ നിയമപരമായ അധികാരങ്ങളും രാജ്യം ഉപയോഗിക്കും. പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയ്ക്ക് യുഎഇയും അതിന്‍റെ സ്ഥാപനങ്ങളും പൂർണമായി പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.