മുൻകാല ഫുട്ബോൾ ഇതിഹാസങ്ങളുടെ പോരാട്ടം 'ലജന്റ്സ് എൽ ക്ലാസിക്കോ' 28ന് ഖലീഫ സ്റ്റേഡിയത്തിൽ
Mail This Article
ദോഹ ∙ ലോക ഫുട്ബോളിലെ മുൻകാല ഇതിഹാസങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന് ഈ മാസം 28ന് ഖത്തർ വീണ്ടും വേദിയാകും. ലജൻറ്സ് എൽ ക്ലാസിക്കോ എന്ന തലക്കെട്ടിൽ ഖലീഫ ഇൻറർനാഷനൽ സ്റ്റേഡിയത്തിലാണ് പോരാട്ടം. 28ന് വൈകിട്ട് 7.00ന് ലോകോത്തര ക്ലബ്ബുകളായ റയൽ മഡ്രിഡിലെയും എഫ്്സി ബാർസലോണയിലെയും മുൻകാല സൂപ്പർ താരങ്ങൾ തമ്മിലുള്ള വാശിയേറിയ മത്സരത്തിനാണ് ആരാധകർ സാക്ഷ്യം വഹിക്കുന്നത്.
റയൽ മഡ്രിഡിന്‍റെ ഐകർ കസിയസ്, ക്ലാരൻസ് സീഡോഫ്, ലൂയി ഫിഗോ, ബാർസയുടെ ഡേവിഡ് വിയ്യ, റിവാൾഡോ, റൊണാൾഡീനോ, പാട്രിക് ക്ലൈവർട്ട് എന്നിവരുടെ പേരുവിവരങ്ങളാണ് സംഘാടകർ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ഇതു മൂന്നാം തവണയാണ് എൽ ക്ലാസിക്കോയ്ക്ക് ഖത്തർ ആതിഥേയരാകുന്നത്. 2017 ൽ ബാർസക്കായിരുന്നു വിജയം. 2021 ൽ റയൽ മഡ്രിഡും ജേതാക്കളായി. ഇത്തവണ ബാർസയുടെ 125–ാം വാർഷികത്തിന് ഒരു ദിനം മുൻപേയാണ് മത്സരമെന്നതിനാൽ വിജയം കൈവരിച്ചാൽ ബാർസക്ക് ഇരട്ടിമധുരമാകും.
ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് പ്രഖ്യാപിച്ച ടിക്കറ്റുകൾക്ക് പുറമെ വിമാന യാത്രാ ടിക്കറ്റ്, ഹോട്ടൽ താമസം എന്നിവ ഉൾപ്പെടുന്ന പാക്കേജ് പൂർണമായും വിറ്റഴിച്ചിട്ടുണ്ട്. ഒരു ഫുട്ബോൾ ഇവൻറ് എന്നതിനപ്പുറം എഫ്്സി ബാർസലോണയുടെയും റയൽ മഡ്രിഡിന്‍റെയും നൂറ്റാണ്ടുകൾ പിന്നിടുന്ന സമ്പന്നമായ ചരിത്രത്തിന്‍റെയും പിച്ചിലെ ശത്രുതയുടെയും ആഘോഷം കൂടിയാണിത്. 1902 ൽ ആണ് എൽ ക്ലാസിക്കോയുടെ ആദ്യ മത്സരം നടക്കുന്നത്. പിന്നീടിങ്ങോട്ട് ആരാധകരുടെ കയ്യടി നേടി ഫുട്ബോൾ ലോകത്തിലെ ആഗോള പ്രതിഭാസമായി എൽ ക്ലാസിക്കോ മാറി കഴിഞ്ഞു.