ദുബായുടെ പ്രാന്തപ്രദേശങ്ങളിൽ ഇനി പുതുവെളിച്ചം; ട്രാഫിക് സുരക്ഷ വർധിപ്പിക്കാൻ ആര്‍ടിഎ
Mail This Article
ദുബായ് ∙ ദുബായുടെ പ്രാന്തപ്രദേശങ്ങളിൽ ഇനി പുതുവെളിച്ചം. ഉമ്മു സുഖീം 1, അബു ഹൈൽ, അൽ ബറഹ എന്നിവിടങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആര്‍ടിഎ) പൂർത്തിയാക്കി. 2024-2026 സ്ട്രീറ്റ് ലൈറ്റിങ് പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സംരംഭം നടപ്പാക്കിയത്. 2026 അവസാനത്തോടെ ദുബായിലുടനീളമുള്ള 40 പ്രദേശങ്ങളിൽ വിളക്കുകൾ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു.
ഡ്രൈവർമാരും കാൽനടയാത്രക്കാരും ഉൾപ്പെടെ റോഡ് ഉപയോക്താക്കൾക്ക് ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിന് യുഎഇയുടെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ഏറ്റവും പുതിയ സ്മാർട്, നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന് ആർടിഎ മുൻഗണന നൽകിയിട്ടുണ്ടെന്ന് ആർടിഎ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസി സിഇഒ ഹുസൈൻ അൽ ബന്ന പറഞ്ഞു. 959 തൂണുകളും 1,010 പരിസ്ഥിതി സൗഹൃദ എൽഇഡി ലൈറ്റിങ്ങ് യൂണിറ്റുകളും സ്ഥാപിച്ചു.
ഉമ്മു സുഖീം 1, അബുഹൈൽ, അൽ ബറഹ എന്നിവിടങ്ങളിൽ 47,140 മീറ്റർ ഭൂഗർഭ കേബിളുകളും സ്ഥാപിച്ചു. നിലവിൽ, മിർദിഫ്, ഉമ്മു സുഖീം 2, 3, അൽ മനാറ, അൽ മുരിയൽ റിസർവ് സ്ട്രീറ്റ്, അൽ മിൻഹാദ് എയർ ബേസിലേക്കുള്ള സ്ട്രീറ്റ്, ഊദുൽ മെത് ഹയിലെ വിവിധ തെരുവുകൾ, പാർക്കിങ് ഏരിയകൾ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിരവധി ലൈറ്റിങ് പദ്ധതികളാണ് നടപ്പാക്കുന്നത്. ഈ പദ്ധതികളിൽ 763 തൂണുകൾ, 764 ഊർജക്ഷമമായ ലൈറ്റിങ് യൂണിറ്റുകൾ, 48,170 മീറ്റർ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കൽ, വിപുലീകരണം എന്നിവ ഉൾപ്പെടുന്നു. അൽ സഫ 1, 2 അൽ ഹുദൈബ, അൽ സത് വ, അൽ ബദാഅ, അൽ വാഹിദ, ജുമൈറ എന്നിവിടങ്ങളിലെ തെരുവുകളും പാർക്കിങ് ഏരിയകളും ഈ സംരംഭത്തിൽ ഉൾപ്പെടുന്നു. അൽ മംസാർ, ഉമ്മു സുഖീം, അൽ സുഫൂഹ് 1, അൽ അവീർ 2, അൽ ഖൂസ് റെസിഡൻഷ്യൽ ഏരിയകൾ 1, 3, നാദ് അൽ ഹമർ, ബാബ് അൽ ഷംസിലേക്കുള്ള തെരുവ് തുടങ്ങിയ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന സ്ട്രീറ്റ് ലൈറ്റിങ് പദ്ധതികൾ ആർടിഎ 2025ൽ തുടരുമെന്ന് അൽ ബന്ന വ്യക്തമാക്കി.
ഹൂർ അൽ അൻസ്, ഹൂർ അൽ അൻസ് ഈസ്റ്റ്, അൽ നഹ്ദ 1 എന്നിവിടങ്ങളിലെ വിവിധ തെരുവുകളും പാർക്കിങ് ഏരിയകളും മുഹൈസ്‌ന 2, അൽ റൊവൈയ്യ 3, അൽ റഫ, പോർട്ട് സയീദ്, സബീൽ 1, അൽ റാഷിദിയ, അൽ ബർഷ സൗത്ത് 1, 3 എന്നീ മേഖലകളും 2025 ലെ പദ്ധതി നിർവഹണത്തിൽ ഉൾപ്പെടും. 2026-ൽ ഊദ് അൽ മുതീന 1, ഉമ്മു റമൂൽ, അൽ ജാഫിലിയ, അൽ മർമൂം, നാദ് അൽ ഷെബ 1, അൽ വാർസൻ 2, ഹിന്ദ് സിറ്റി, ബിസിനസ് ബേ 1, അൽ ജദ്ദാഫ് റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയകൾ 1, 2, 3, അൽ ഗർഹൂദ്, അൽ ത്വാർ 1, 2, 3, ഹത്ത, അൽ ഖുസൈസ് റെസിഡൻഷ്യൽ ഏരിയകൾ 1, 2, 3 എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും പാർക്കിങ് ഏരിയകളിലേക്കും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി വ്യാപിപ്പിക്കുമെന്ന് ആർടിഎ അറിയിച്ചു.