ADVERTISEMENT

ദുബായ് ∙ കോവിഡിന് ശേഷം റിമോട്ട് വർക്ക്, വർക്ക് ഫ്രം ഹോം സംസ്കാരം കൂടിയതോടെ വ്യക്തി ജീവിതവും ജോലിയും തമ്മില്‍ തരം തിരിക്കാനാകാത്ത വിധം ചേർന്നുകിടക്കുകയാണ്. ജോലി സമയത്തിന് ശേഷം ജോലി സംബന്ധമായി തൊഴിലുടമയുടെയോ തൊഴില്‍ മേധാവികളുടെയോ  ഫോണ്‍കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പ്രതികരിക്കാന്‍ നിർബന്ധിതരാകുന്ന ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നാണ് യുഎഇയില്‍ അടുത്തിടെ നടത്തിയ സർവേ വ്യക്തമാക്കുന്നു. ഇതിന് പ്രധാനകാരണം, ജോലി സമയം കഴിഞ്ഞും വരുന്ന സന്ദേശങ്ങളും മീറ്റിങ് അറിയിപ്പുകളുമെല്ലാം അതേ രീതിയില്‍ തന്നെയെടുത്ത് ജോലി പൂർത്തിയാക്കാന്‍ താല്‍പര്യപ്പെടുന്നവരാണ് അധികവുമെന്നതാണ്.

ജോലി സമയം കഴിഞ്ഞാല്‍ ബോസ് വിളിക്കുമ്പോള്‍, മെയിലയക്കുമ്പോള്‍ അതേസമയം തന്നെ പ്രതികരിക്കേണ്ടതുണ്ടോ, യുഎഇ നിയമം പറയുന്നതിങ്ങനെ; ഓഫിസ് സമയം കഴിഞ്ഞും ജീവനക്കാരെ ജോലി സംബന്ധമായി വിളിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ നിയമവശമില്ലെങ്കിലും ജീവനക്കാരനും തൊഴിലുടമയും തമ്മിലുളള ഊഷ്മള ബന്ധം തുടരുന്നതിന് ഇത്തരത്തിലുളള സമ്മർദ്ദവിളികള്‍ ഒഴിവാക്കാം. എന്നാല്‍ അത്യാവശ്യസന്ദർഭങ്ങളില്‍ ജീവനക്കാരന്റെ അനുമതിയോടെ വിളിക്കുന്നതിന് തടസ്സവുമില്ല.

ജീവനക്കാരനും തൊഴിലുടമയും തമ്മില്‍ അധിക ജോലി സമയകരാറുകളുണ്ടെങ്കിലോ മറ്റേതെങ്കിലും തരത്തില്‍ കരാറുകള്‍ നിലവിലുണ്ടെങ്കിലോ വിളിക്കാന്‍ തടസ്സമില്ല. ഇത്തരം കരാറുകളോ വ്യവസ്ഥകളോ നിലവില്‍ ഇല്ലെങ്കില്‍ ജോലി സമയം കഴിഞ്ഞ് വരുന്ന ജോലി സംബന്ധമായ സന്ദേശങ്ങളോട് അതേസമയം തന്നെ ജീവനക്കാർ പ്രതികരിക്കേണ്ടതില്ല. 2021 ലെ ഫെഡറല്‍ ഡിക്രി നിയമം 33 ലാണ് തൊഴിലുടമയും ജീവനക്കാരനും തമ്മിലുളള ബന്ധം പ്രതിപാദിക്കുന്നത്.

Representative Image. Photo Credit : Mapodile / iStockPhoto.com
Representative Image. Photo Credit : Mapodile / iStockPhoto.com

ഇതില്‍ ജോലി സമയം കഴിഞ്ഞുളള ജോലി സംബന്ധമായുളള മേധാവികളുടെ സന്ദേശങ്ങള്‍ക്ക് ജീവനക്കാർ പ്രതികരിക്കണമെന്ന് വ്യക്തമാക്കുന്നില്ല. എന്നാല്‍ അധിക സമയം ജോലിയെടുക്കുന്നുണ്ടെങ്കില്‍ അതിന് കൃത്യമായി മേലധികാരികളുടെ സന്ദേശം ആവശ്യമാണ്. ഔദ്യോഗികമായി അധികജോലി നിർദേശമല്ലെങ്കിൽ അത് നിയമപരമായി അധികജോലിയായി കണക്കാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ആ സമയത്ത് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കാന്‍ നിയമപരമായി ബാധ്യതയില്ല. അപ്പോഴും ഇത്തരം ഫോണ്‍ വിളികള്‍ അത്യാവശ്യമായി വരുന്ന ജോലികള്‍ക്ക് ഇത് ബാധകവുമല്ല.

അധിക ജോലി സമയ അറിയിപ്പ് നല്‍കാതെ ജോലി സമയം കഴിഞ്ഞ് ജീവനക്കാരനെ വിളിച്ച് ജോലി സംബന്ധമായ കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ തൊഴിലുടമ അല്ലെങ്കില്‍ തൊഴില്‍ മേധാവിക്ക് നിയമപരമായി കഴിയില്ല. അധിക ജോലി സമയ അറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ ഇങ്ങനെ നിർദേശം നല്‍കുന്നതില്‍ തടസ്സവുമില്ല. അത്യാവശ്യസന്ദർഭങ്ങളല്ലെങ്കില്‍ ഒരു ദിവസം 2 മണിക്കൂറാണ് അധിക ജോലിസമയപരിധി. മൂന്ന് ആഴ്ചകളില്‍ പരമാവധി 144 മണിക്കൂറും. ഔദ്യോഗിക അധികസമയ ജോലി അറിയിപ്പ് ലഭിച്ചിട്ടും ജീവനക്കാരന്‍ പ്രതികരിക്കാതിരുന്നാല്‍ നിയമപരമായി നടപടിയെടുക്കാന്‍ തൊഴിലുടമയ്ക്ക് അധികാരമുണ്ട്.

Representative Image. Photo Credit : Fizkes / iStockPhoto.com
Representative Image. Photo Credit : Fizkes / iStockPhoto.com

യുഎഇയിലെ ചില ജോലി മേഖലകളില്‍ ജോലി സമയം കഴിഞ്ഞും ജീവനക്കാരുടെ സേവനം ആവശ്യമുണ്ട്. ഇടവേളകളില്ലാതെയുളള ജോലികളിലും അനിവാര്യസേവനങ്ങളിലുമാണ് പ്രധാനമായും ഇത്തരം ആവശ്യകതകളുളളത്. പ്രത്യേകിച്ചും എമർജന്‍സി, ആരോഗ്യപരിചരണം, ഉള്‍പ്പടെയുളള മേഖലകളില്‍. ജോലിയില്‍ സൂപ്പർവൈസർ തസ്തികയിലും അതിന് മുകളിലുമുളള  സ്ഥാനങ്ങളിലിരിക്കുന്നവരെയെല്ലാം പരമാവധി ജോലിസമയ നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കടലില്‍ ജോലി ചെയ്യുന്നവരുള്‍പ്പടെ പ്രത്യേക ജോലിസേവന സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും അവരുടെ ജോലിയുടെ സ്വഭാവം അനുസരിച്ച് ജോലി മണിക്കൂറുകളില്‍ മാറ്റമുണ്ടാകാം. മുന്‍കാലങ്ങളില്‍ ജോലി സമയം കഴിഞ്ഞ് ജീവനക്കാരെ ബന്ധപ്പെടാനുളള സൗകര്യങ്ങള്‍ കുറവായിരുന്നുവെങ്കില്‍ ഇന്ന് അങ്ങനെയല്ല. വാട്സാപ്പ് ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഉളളതിനാല്‍‍ ജീവനക്കാരനുമായി നിരന്തരം സംവദിക്കാനും നിർദേശങ്ങള്‍ നല്‍കാനും സാധിക്കുന്നു.

അതുകൊണ്ടുതന്നെ ജോലി സമയം കഴിഞ്ഞും പരസ്പരം സന്ദേശങ്ങള്‍ കൈമാറുന്നത് സ്വഭാവികമായി മാറി. വാരാന്ത്യ അവധി ദിനങ്ങളിലും പൊതു അവധി ദിനങ്ങളിലുമെല്ലാം ജോലിയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ലഭിക്കുകയും ജോലി ചെയ്യാന്‍ നിർബന്ധിതമാവുകയും ചെയ്യുന്നത് മിക്ക ജീവനക്കാരെയും പ്രതികൂലമായി ബാധിക്കാറുണ്ട്. ജോലി സമയത്തിന് ശേഷമുളള ജോലി സംബന്ധമായ ആശയവിനിമയത്തെ നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും തൊഴിലുടമയും ജീവനക്കാരും തമ്മിലുളള നല്ല ബന്ധം ഉറപ്പാക്കണമെന്നാണ് നിയമം പറയുന്നത്.

ജോലിസമയത്തിന് പുറത്തുള്ള അമിതമായ ആശയവിനിമയം ജീവനക്കാരുടെ മാനസികാരോഗ്യത്തെയും ജീവിത ഗുണത്തെയും പ്രതികൂലമായി ബാധിക്കുന്നുവെങ്കിൽ അക്കാര്യത്തെ കുറിച്ച് തൊഴിലുടമയുമായോ സ്ഥാപനവുമായോ സംസാരിക്കാവുന്നതാണ്. പരിഹാരത്തിന് ആവശ്യമായ നടപടികളുണ്ടായില്ലെങ്കില്‍ യുഎഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ പരാതി നല്‍കാം.

നിയമപരമായ നടപടികളും സ്വീകരിക്കാം. അധികജോലിചെയ്യുകയാണെങ്കില്‍ കൃത്യമായി അധികവേതനം നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. ഒരു ദിവസത്തെ അടിസ്ഥാന ശമ്പളം, കൂടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും കൂടിയാണ് അധികവേതനമായി നല്‍കേണ്ടത്. രാത്രി 10 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിലാണ് അധികജോലിയെങ്കില്‍ ഒരു ദിവസത്തെ അടിസ്ഥാന ശമ്പളം, കൂടെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും നല്‍കണം.

വാരന്ത്യ അവധി ഉള്‍പ്പടെയുളള ദിനങ്ങളില്‍ ജോലി ചെയ്യേണ്ടിവരികയാണെങ്കില്‍, അതിന് പകരമായി മറ്റൊരുദിവസം അവധി നല്‍കണം, അല്ലെങ്കില്‍ ഒരു ദിവസത്തെ  ശമ്പളം, കൂടെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും നല്‍കണം.
(വിവരങ്ങള്‍ക്ക് കടപ്പാട് : അഡ്വക്കറ്റ് ഷബീല്‍ ഉമ്മർ,നിയമവിഭാഗം മേധാവി, വിഗ്രൂപ്പ് ഇന്റർനാഷനല്‍)

English Summary:

UAE law clarifies whether employees must respond to employers' phone calls after working hours regarding work

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com