രാത്രിയുടെ തണുപ്പ് ആസ്വദിക്കാം, അവധി ദിനങ്ങൾ അടിപൊളിയാക്കാം; വിനോദസഞ്ചാരികളെ മാടിവിളിച്ച് ഖത്തർ
Mail This Article
ദോഹ ∙ ശൈത്യ കാലമാണ്. വാരാന്ത്യ അവധി ദിനങ്ങളിൽ നഗരത്തിന്റെ തിരക്കിൽ നിന്നൊഴിഞ്ഞുമാറി രാത്രിയുടെ തണുപ്പ് ആസ്വദിക്കാൻ പറ്റിയ ഖത്തറിലെ ചില വിനോദസഞ്ചാര ഇടങ്ങളെക്കുറിച്ചറിയാം. തണുപ്പുകാലം ആസ്വാദ്യകരമാക്കാൻ അവധിദിനങ്ങൾ കൃത്യമായി പ്ലാൻ ചെയ്യാനും മറക്കേണ്ട.
കടൽക്കരയിലും മറ്റും രാത്രി ചെലവിടാൻ എത്തുന്നവർ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണം. സന്ദർശിക്കുന്ന സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതെ പൊതുശുചിത്വം പാലിക്കുകയും വേണം. ശൈത്യം ചെലവിടാൻ പറ്റിയ ചില പ്രധാനപ്പെട്ട ഇടങ്ങൾ ഏതെല്ലാമാണെന്നറിയാം.
∙ കാഴ്ചവിരുന്നൊരുക്കി ഇൻലാൻഡ് സീ (ഖോർ അൽ ഉദൈദ്)
ശൈത്യമെത്തിയാൽ അവധി ദിനങ്ങളിൽ മിക്ക പ്രവാസികളും കുടുംബങ്ങളും സുഹൃത്തുക്കളുമായി രാത്രി സമയങ്ങൾ ഏറ്റവുമധികം ചെലവിടുന്നത് ഖത്തറിന്റെ തെക്കൻ പ്രദേശത്തെ സീലൈൻ എന്നറിയപ്പെടുന്ന വിഖ്യാതമായ ഇൻ ലാൻഡ് സീയിലേക്കാണ്. ദോഹയിൽ നിന്ന് 80 കിലോമീറ്റർ അകലെയാണിത്. സമുദ്ര നിരപ്പിൽ നിന്ന് ഏതാണ്ട് 40 മീറ്റർ മുകളിലായാണ് സ്ഥിതി ചെയ്യുന്നത്.
രാജ്യത്തെത്തുന്ന ഏതൊരു സന്ദർശകനും തീർച്ചയായും കണ്ടിരിക്കേണ്ട സുപ്രധാന വിനോദ സഞ്ചാര ഇടം കൂടിയാണിത്. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ സീലൈൻ ഖത്തറിലെ ഏറ്റവും വലിയ പ്രകൃതി രമണീയമായ സ്ഥലമാണ്. കടലും കരയും ഒരുമിച്ചു ചേരുന്ന ഇടമെന്നതാണ് സീലൈനിനെ സവിശേഷമാക്കുന്നത്. സ്വർണനിറമുള്ള മണൽതരികളും വശ്യത നിറഞ്ഞ മണൽ കൂനകളുടെ സൗന്ദര്യവും സീലൈനിന്റെ ആകർഷണ ഘടകങ്ങളാണ്. സൂര്യോദയവും സൂര്യാസ്തമയവും തൊട്ടടുത്ത് നിന്ന് കാണാം.
ഒട്ടകങ്ങൾ, അറേബ്യൻ ഒറിക്സ്, ദേശാടന പക്ഷികളായ ഫ്ളെമിംഗോ, കടലാമകൾ എന്നിങ്ങനെ ഒട്ടേറെ മനോഹരമായ കാഴ്ചകളും ഇവിടെയുണ്ട്. നിശ്ചിത തുക നൽകിയാൽ പരമ്പരാഗത അറബ് കൂടാരത്തിൽ രാത്രി താമസവും സുരക്ഷിതമാക്കാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് മണൽകൂനകൾക്കിടയിൽ റൈഡും നടത്താം. സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് മാത്രം. മീൻപിടിത്തം, പക്ഷി നിരീക്ഷണം എന്നിവയുമാകാം. നിരവധി ഹോട്ടലുകളുടെ ടൂർ പാക്കേജും ഇങ്ങോട്ടേയ്ക്കുണ്ട്. പാക്കേജിന്റെ ഭാഗമായെത്തുന്ന സന്ദർശകർക്ക് സഹായത്തിന് ഗൈഡും ഉണ്ടാക്കും.
∙ മണൽകൂനകളുടെ പാട്ടു കേൾക്കാം, മിസൈദിൽ ചെന്നാൽ
രാജ്യത്തിന്റെ എണ്ണ വ്യവസായത്തിന്റെ വളർച്ചയ്ക്ക് വലിയ പങ്കു വഹിക്കുന്ന മിസൈദ് തെക്കു കിഴക്കൻ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. മനോഹരമായ ബീച്ചുകളും സുവർണ നിറങ്ങളിലെ മണൽ കൂനകളുമാണ് ഇങ്ങോട്ടേയ്ക്ക് സന്ദർശകരെ ആകർഷിക്കുന്നത്. മിസൈദിലെ പ്രശസ്ത ബീച്ചുകളിലൊന്നാണ് സീ ലൈൻ ബീച്ച്. ബീച്ചിൽ നീന്താം, കടൽക്കരയിൽ ഒട്ടക സവാരി നടത്താം. സഫാരി ടൂർ നടത്താം. ക്യാംപിങ് ആസ്വദിക്കാം.
ഓൾ ടെറെയ്ൻ വാഹനത്തിൽ മണൽകൂനകൾക്കിടയിലൂടെ സാഹസിക സവാരി നടത്താം. സൂര്യോദയവും സൂര്യാസ്തയവും കൂടുതൽ മനോഹരമായി ദർശിക്കാം. സന്ദർശകർക്ക് വിശ്രമിക്കാനും കുളിക്കാനുമുള്ള സൗകര്യങ്ങളും ഭക്ഷണപാനീയ സ്റ്റാളുകളും ബീച്ചിലുണ്ട്. പാട്ടു പാടുന്ന മണൽകൂനകളെന്നാണ് മിസൈദിലെ മണൽകൂനകൾ അറിയപ്പെടുന്നത്. മണൽകൂനകളുടെ ഇടയിലൂടെ ഓടുന്പോഴോ നടക്കുന്പോഴോ അല്ലെങ്കിൽ കാറ്റോ ഉരയലോ ഉണ്ടാകുന്പോളാണ് മണൽകൂനകളിൽ നിന്ന്് സംഗീതം ഉയരുന്ന പോലെ അനുഭവപ്പെടുക. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സ്വർണ നിറമുള്ള മണൽകൂനകളുടെ കൂട്ടം തന്നെ ഇവിടെയുണ്ട്.
∙ അൽ ആമ്രിയയിൽ ഗ്രാമങ്ങളുടെ സൗന്ദര്യം നുകരാം
ഡെസേർട്ട് ക്യാംപിങ്ങിന് പറ്റിയ സ്ഥലമാണിത്. അൽ റയാൻ നഗരസഭാ പരിധിക്കുള്ളിലെ ചെറു ഗ്രാമങ്ങളിലൊന്നാണിത്. ഉം ഹവ്ത ഗ്രാമത്തിന് സമീപത്താണ് അൽ ആമ്രിയ സ്ഥിതി ചെയ്യുന്നത്. കടൽക്കരയിലെ ബഹളങ്ങളില്ലാത്ത തികച്ചും ശാന്തമായ സ്ഥലം. മണൽ കൂനകളാണ് ഇവിടെയും ആകർഷണം. ഖത്തറിന്റെ ഉൾപ്രദേശങ്ങളുടെ സൗന്ദര്യം കാണാനും അറിയാനും താൽപര്യമുള്ളവർക്ക് ഇങ്ങോട്ടു വരാം. ചെറു ഗ്രാമങ്ങളോട് ചേർന്നാണിത്.
അൽ ആമ്രിയയിലെ ഏയ്ൻ അൽ ഹരാജിലുള്ള വലിയ കിണർ പ്രശസ്തമാണ്. കിണറ്റിലെ സൾഫർ നിറഞ്ഞ വെള്ളത്തിന് രോഗശമന ശേഷിയുണ്ടെന്നാണ് പറയപ്പെടുന്നത്. ത്വക്ക് രോഗങ്ങളും അലർജിയും മാറാൻ കീണറ്റിലെ വെള്ളം നല്ലതാണെന്ന് സ്വദേശികൾ പറയുന്നു. രാജ്യത്ത് ഇത്തരം സവിശേഷമായ കിണർ ആദ്യമാണ്. പൊതുജനങ്ങൾക്ക് കിണർ സന്ദർശനത്തിന് അനുമതിയുണ്ടോയെന്നത് വ്യക്തമല്ല. അൽ ആമ്രിയയുടെ പ്രവേശന കവാടത്തിൽ നിന്ന് ഏതാണ്ട് 22 കിലോമീറ്റർ അകലെയാണ് കിണർ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഇങ്ങോട്ടേയ്ക്ക് എത്തിപ്പെടുക കുറച്ച് ബുദ്ധിമുട്ടാണ്. അൽ ആമ്രിയയിലേക്ക് നഗരത്തിൽ നിന്ന് ഏതാണ്ട് ഒരു മണിക്കൂറോളമാണ് യാത്രാ സമയം.
∙ അൽ തക്കീറയിലെ കണ്ടൽ കാടുകൾ കാണാം
നഗരത്തിന്റെ തിരക്കിൽ നിന്നുമാറി അൽപം പച്ചപ്പ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഖത്തറിന്റെ വടക്കൻ നഗരമായ അൽഖോറിൽ നിന്ന് 17 കിലോമീറ്റർ വടക്കു–കിഴക്കായി സ്ഥിതി ചെയ്യുന്ന അൽ തക്കീറയിലേക്ക് ഒരു യാത്ര ആകാം. മരുഭൂമിയ്ക്ക് നടുവില് ഹരിതാഭ തീർത്തു നിൽക്കുന്ന കണ്ടൽക്കാടുകളും അതിനു നടുവിലായുള്ള ചെറു ജലാശയങ്ങളുമാണ് അൽ തക്കീറയെ പ്രശസ്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും പഴയതും വലുതുമായ കണ്ടൽക്കാടുകളാണ് ഇവിടെയുള്ളത്.
ഇവിടുത്തെ ജലാശയങ്ങളിൽ ചെറു തോണികളിൽ സവാരി ചെയ്ത് കണ്ടൽക്കാടുകളുടെ ഭംഗി അടുത്തറിയാം. സൂര്യോദയവും അസ്തമയവും കാണാം. കണ്ടൽക്കാടുകൾക്ക് സമീപത്താണ് അൽ തക്കീറ ബീച്ചും. പക്ഷേ നീന്തൽ, മറൈൻ കായിക പരിപാടികൾ, ബോട്ടിങ്, ജല സ്കൂട്ടർ എന്നിവയ്ക്കെല്ലാം ബീച്ചിൽ നിരോധനമുണ്ട്.
ദേശാടന പക്ഷികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണിത് എന്നതിനാൽ വൈവിധ്യമായ പക്ഷികളെയും അടുത്തു കാണാം. പക്ഷി നിരീക്ഷണത്തിന് പറ്റിയ ഇടം കൂടിയാണിത്. അൽ തക്കീറയിലേക്ക് പ്രവേശനം സൗജന്യമാണ്. സംരക്ഷിത പ്രദേശമായതിനാൽ മാലിന്യങ്ങൾ വലിച്ചെറിയാതെ പൊതുശുചിത്വം പാലിക്കാനുള്ള ഉത്തരവാദിത്തവും മറക്കേണ്ട. അൽ തക്കീറയിൽ ചെന്നാൽ സമീപത്തെ പർപ്പിൾ ഐലൻഡും സന്ദർശിക്കാം. അൽഖോറിലെ ടൂറിസം കാഴ്ചകളിലൊന്നാണിതും. തോണിയിൽ യാത്ര ചെയ്യാനും ക്യാംപിങ്ങിനും ഇവിടെയെത്തുന്നവർ ധാരാളം.
∙ ടെന്റ്ടിച്ച് രാത്രി ചെലവിടാം സെക്രീത്തിൽ
രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്തായി സെൻട്രൽ ദോഹയിൽ നിന്ന് 90 കിലോമീറ്റർ അകലെ ദുഖാന് സമീപത്തായാണ് സെക്രീത്ത് സ്ഥിതി ചെയ്യുന്നത്. ദോഹ നഗരത്തിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ ആണ് ഈ ചെറു ഗ്രാമത്തിലേക്കുള്ള യാത്രാ സമയം. സെക്രീത്ത് കടൽക്കര ശൈത്യകാല ക്യാംപിങ് സൈറ്റുകളിലെ തിരക്കേറിയ സ്ഥലങ്ങളിലൊന്നാണ്. ടെന്റ്ടിച്ച് രാത്രി ചെലവിടാൻ അനുയോജ്യമായ സ്ഥലം. കൈറ്റ് സർഫിങ്ങിനും രാത്രികളിൽ ആകാശത്തെ നക്ഷത്രങ്ങളെ വീക്ഷിക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്.
വടക്കു ഭാഗത്തായി 18–ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പൂർത്തിയാകാത്ത കോട്ട, സിനിമാ നിർമാണങ്ങൾക്കായുള്ള ഫിലിം സിറ്റി എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ച. കോട്ടയുടെ ഓരോ മൂലയിലുമായി 4 വലിയ ചുണ്ണാമ്പ് കല്ലുകൊണ്ടുള്ള വൃത്താകൃതിയിലുള്ള ടവറുകളുണ്ട്. സ്ക്വയർ ആർക്കിടെക്ചറൽ ഘടനയിലുള്ള കോട്ടയുടെ ഭംഗി കൂട്ടുന്നത് അതിന്റെ അപൂർണതയാണ്.
സെക്രീത്ത് മരുഭൂമിയിൽ അങ്ങിങ്ങായി കൂണുകളുടെ ആകൃതിയിലുള്ള ചുണ്ണാന്പുകല്ലുകൾ കൊണ്ടുള്ള കുത്തനെയുള്ള വലിയ പാറകുന്നുകൾ നല്ലൊരു കാഴ്ചവിരുന്നാണ്. ഒറ്റനോട്ടത്തിൽ വലിയ കുടകൾ നിവർത്തി വെച്ചിരിക്കുന്നതു പോലെയാണിവ. സെക്രീത്തിനോടു ചേർന്നുള്ള ചെറിയ കുന്നിൽ പുരാതന കല്ലറകളുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടെയുണ്ടായിരുന്ന ഡിൽമുൻ നാഗരികതയുടെ അവശിഷ്ടങ്ങളിൽ ചിലതാണ് ഈ കല്ലറകൾ.
സെക്രീത്തിലെ ഫിലിം സിറ്റിക്കും പൗരാണിക മുഖമാണ്. മരുഭൂമിയെ പശ്ചാത്തലമാക്കി പുരാതന ബിഥോവിൻ ശൈലിയിലുള്ള ഒരു ഗ്രാമം തന്നെ ഫിലിം സിറ്റിക്കായി നിർമിച്ചിരിക്കുകയാണ്. 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ പ്രമോഷനൽ വിഡിയോ ചിത്രീകരിച്ചത് ഇവിടെയാണ്. വിഖ്യാത അമേരിക്കൻ ആർട്ടിസ്റ്റായ റിച്ചാർഡ് സെറയുടെ മനോഹരമായ കലാശില്പങ്ങളും സെക്രീത്തിലുണ്ട്. 1 കിലോമീറ്ററിനുള്ളിലായി 14 മീറ്റർ ഉയരത്തിലുള്ള സ്റ്റീൽ കൊണ്ടുള്ള 4 തൂണുകളാണിത്. ചരിത്ര, സാംസ്കാരിക കാഴ്ചകളാണ് സെക്രീത്തിലെ ആകർഷണങ്ങൾ.
യാത്രക്ക് മുൻപ് ശ്രദ്ധിക്കാൻ
∙ രാത്രിയിൽ ക്യാംപിങ് നടത്തുന്നവർ ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നുകൾ ഉൾപ്പെടുന്ന ഫസ്റ്റ് എയ്ഡ് ബോക്സും കൈവശം കരുതണം.
∙ കാലാവസ്ഥ അപ്ഡേറ്റുകൾ കൃത്യമായി മനസിലാക്കണം.
∙ ഓഫ് റോഡ് ഡ്രൈവുകൾക്ക് പറ്റിയ വാഹനങ്ങളിൽ വേണം യാത്ര ചെയ്യാൻ. മണൽകൂനകൾക്കിടയിലെ സുരക്ഷിത യാത്രയ്ക്ക് 4x4 വാഹനങ്ങളാണ് ഉചിതം.
∙ ജിപിഎസ് സിഗ്നലുകൾ ലഭിക്കാൻ പ്രയാസമായതിനാൽ ഓഫ്‌ലൈൻ മാപ്പുകൾ ഡൗൺലോഡ് ചെയ്യാൻ മറക്കേണ്ട.
∙ വാഹനത്തിന് മതിയായ ഇന്ധനം നിറയ്ക്കണം. ഫോണുകൾക്ക് ഫുൾ ബാറ്ററി പവർ ഉറപ്പാക്കണം. പവർ ബാങ്കുകളും കയ്യിൽ കരുതാം.
∙ പൊതുശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കവർ കയ്യിൽ കരുതണം. മാലിന്യനിക്ഷേപ പെട്ടികൾ ഉണ്ടെങ്കിൽ മാലിന്യം വലിച്ചെറിയാതെ അതിൽ നിക്ഷേപിക്കണം.
∙ സന്ദർശിക്കുന്ന സ്ഥലത്തെ ജീവജാലങ്ങൾക്കും ചെടികൾക്കും ദോഷകരമായ വിധത്തിലുള്ള പെരുമാറ്റം ഒഴിവാക്കണം.
∙ ഉൾപ്രദേശങ്ങളിലേക്ക് തനിച്ച് യാത്ര ചെയ്യാതെ സംഘമായി പോകാൻ ശ്രദ്ധിക്കണം.
∙ കത്തി, കയർ, വിസിൽ ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉൾപ്പെടുന്ന എമർജൻസി കിറ്റും കയ്യിൽ കരുതണം.
∙ രാത്രി തങ്ങാനുള്ള െടൻറുകൾ നിർമിക്കുന്നത് ശരിയായ തരത്തിലാകണം. തുറസായ മരുഭൂമികളിൽ കാറ്റിന്‍റെ ദിശക്കെതിരെ വേണം ടെന്റ് കെട്ടാൻ.
∙ ക്യാംപിങ്ങിൽ അധികൃതർ നൽകിയിരിക്കുന്ന സുരക്ഷാ നിർദേശങ്ങളും പാലിക്കണം.
∙ അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിൽ ആംബുലൻസ് സഹായം തേടാം.